Trending

രാഹുൽ ഈശ്വർ പൂജപ്പുര ജയിലിൽ നിരാഹാര സമരത്തിൽ

 ലൈംഗിക പീഡന കേസിലെ പരാതിക്കാരിയെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും അവരെ തിരിച്ചറിയാൻ കഴിയും വിധം ചിത്രങ്ങളും വിവരങ്ങളും പുറത്തുവിടുകയും ചെയ്തെന്ന കേസിൽ റിമാൻഡിലായ രാഹുൽ ഈശ്വർ ജയിലിൽ നിരാഹാര സമരം തുടങ്ങി. ഇന്നലെ രാത്രി മുതൽ ഭക്ഷണം ഒഴിവാക്കിയതായി പൂജപ്പുര ജയിൽ അധികൃതർ പറയുന്നു. അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് രാഹുലിനെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തത്. രാഹുൽ സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിയായിരുന്നു നടപടി. 


യുവതിയുടെ ചിത്രവും മറ്റു വിവരങ്ങളും സമൂഹമാധ്യമത്തിൽ രാഹുൽ പങ്കുവച്ചെന്നു പ്രോസിക്യൂഷൻ വാദിച്ചു. രാഹുലിന്റെ ലാപ്ടോപ്പിൽ ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും വിഡിയോകളും കണ്ടെത്തി. പൗഡിക്കോണത്തെ വീട്ടിൽ ഇന്നലെ നടത്തിയ തെളിവെടുപ്പിലാണു ലാപ്ടോപ് പിടിച്ചെടുത്തത്. രാഹുലിനെതിരെ മുൻപും പല കേസുകളുമുണ്ടായിട്ടുണ്ടെന്നും കുറ്റകൃത്യങ്ങൾ ഇനിയും ആവർത്തിക്കാനും ഒളിവിൽ പോകാനും സാധ്യതയുള്ളതിനാൽ അറസ്റ്റ് അനിവാര്യമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.

നോട്ടിസ് പോലും നൽകാതെ അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധമാണെന്നും യുവതിയുടെ ചിത്രം ഒരിടത്തും പങ്കുവച്ചിട്ടില്ലെന്നും രാഹുൽ വാദിച്ചു. രാഹുൽ ഈശ്വർ, കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാരിയർ എന്നിവരടക്കം 5 പേർക്കെതിരെയാണു കേസെടുത്തത്. അഞ്ചാം പ്രതിയാണു രാഹുൽ. നാലാം പ്രതി സന്ദീപ് വാരിയർ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.

Post a Comment

Previous Post Next Post