തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് കെഎസ്ഇബിയുടെ ആശ്വാസം. ഡിസംബറിലെ കറണ്ട് ബില്ലിൽ ഇന്ധന സർചാർജ് ഗണ്യമായി കുറയുമെന്ന് കെഎസ്ഇബി. സെപ്റ്റംബർ- നവംബർ കാലയളവിൽ യൂണിറ്റിന് 10 പൈസ വരെ ഈടാക്കിയിരുന്ന സർചാർജ് കുറച്ചതായി കെഎസ്ഇബി അറിയിച്ചു.
പ്രതിമാസ ബിൽ ലഭിക്കുന്നവർക്ക് യൂണിറ്റിന് 5 പൈസയും രണ്ട് മാസത്തിൽ ഒരിക്കൽ ബിൽ ലഭിക്കുന്നവർക്ക് 8 പൈസയുമായി ഇന്ധന സർചാർജ് കുറയുമെന്നു കെഎസ്ഇബി അറിയിച്ചു. സർചാർജ് പരിധി എടുത്തു കളഞ്ഞതോടെ സർചാർജ് ഉയരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതു മുൻനിർത്തി വൈദ്യുതി മന്ത്രിയുടെ ഓഫീസാണ് പുതിയ അറിയിപ്പ് പുറത്തിറക്കിയത്.
മന്ത്രിയുടെ കുറിപ്പ്
ഇന്ധനസർചാർജ് കുറച്ചു. വൈദ്യുതി ബില്ലിൽ ആശ്വാസം! ഡിസംബറിലെ വൈദ്യുതി ബില്ലിൽ ഇന്ധന സർചാർജ് കുറയും. പ്രതിമാസം ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് യൂണിറ്റിന് 5 പൈസയായും രണ്ടുമാസത്തിലൊരിക്കൽ ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് യൂണിറ്റിന് 8 പൈസയായും ഇന്ധന സർചാർജ് കുറയും. സെപ്റ്റംബർ മുതൽ നവംബർ വരെ യൂണിറ്റിന് 10 പൈസയായിരുന്നു ഇന്ധന സർചാർജ്.
