Trending

ചുരത്തിലെ മണ്ണിടിച്ചിൽ : മണ്ണ് നീക്കം ചെയ്തശേഷം ഉച്ചയോടെ വാഹനങ്ങൾ കടത്തി വിട്ടേക്കും


 താമരശ്ശേരി ചുരത്തിലെ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന ഉണ്ടായ തടസം നീക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. റോഡിലെ മണ്ണും പാറയും മരവും നീക്കം ചെയ്ത ശേഷം ഉച്ചയോടെ ഗതാഗതം പൂർണമായും പുനഃസ്ഥാപിക്കാനാണ് നീക്കം. പരിശോധന നടത്തി അപകടമില്ലെന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ ചുരം തുറന്നുകൊടുക്കുകയുള്ളൂ.

മണ്ണിടിച്ചിലിനെ തുടർന്ന് ചുരത്തിൽ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തിയതിൽ കുഴപ്പങ്ങൾ ഇല്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ രാത്രി ഏറെ വൈകിയും തടസ്സം നീക്കാനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. ചൊവാഴ്ച രാത്രി ഏഴോടെയാണ് ചുരം ഒമ്പതാം വളവ് വ്യൂപോയന്റിന് സമീപം മണ്ണും പാറക്കൂട്ടങ്ങളും മരങ്ങളും റോഡിലേക്ക് ഇടിഞ്ഞുവീണത്. ഇതോടെ ദേശീയപാത 766ൽ പൂർണമായും ഗതാഗതം തടസപ്പെടുകയായിരുന്നു.

താമരശ്ശേരി ചുരം ഗതാഗത യോഗ്യമാകുന്നത് വരെ യാത്രക്കാർ മറ്റു ചുരങ്ങളിലൂടെയുള്ള പാതകൾ ഉപയോഗിക്കണമെന്ന് പൊലിസ് അറിയിച്ചു. വയനാട് എത്തേണ്ട വാഹനങ്ങൾ താമരശേരി ചുങ്കത്തുനിന്ന് തിരിഞ്ഞ് ബാലുശ്ശേരി - പേരാമ്പ്ര, കുറ്റ്യാടി ചുരം വഴി തിരിച്ചുവിട്ടു. അടിവാരത്ത് നിന്നുള്ള വാഹനങ്ങൾ കുറ്റ്യാടി ഭാഗത്തേക്ക് പൊലീസ് തിരിച്ചുവിടുന്നുണ്ട്. വൈത്തിരി ഭാഗത്ത് നിന്നും വാഹനങ്ങൾ വഴിതിരിച്ചുവിടുന്നുണ്ട്. കുറ്റ്യാടി വഴിയല്ലെങ്കിൽ നിലമ്പൂർ നാടുകാണി ചുരം വഴി യാത്ര ക്രമീകരിക്കണമെന്നാണ് പൊലീസ് അറിയിപ്പ്. അടിവാരത്തും, ലക്കിടിയിലും ചുരം സംരക്ഷണ സമിതി പ്രവർത്തകരും വാഹനങ്ങൾ തിരിച്ചു വിടുന്നുണ്ട്.

Post a Comment

Previous Post Next Post