കണ്ണൂർ പഴയങ്ങാടി റെയിൽവേ സ്റ്റേഷനു സമീപത്തെ റെയിൽവേ ട്രാക്കിലായിരുന്നു സംഭവം. പഴയങ്ങാടി സ്വദേശി ബാദുഷയാണ് മദ്യലഹരിയിൽ ട്രാക്കിൽ കിടന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയത്. പഴയങ്ങാടി റെയിൽവേ സ്റ്റേഷനു സമീപം റെയിൽവേ ട്രാക്കിൽ ഇരിക്കുകയായിരുന്ന ഇയാളെ ട്രാക്കിലുണ്ടായിരുന്ന റെയിൽവേ ജീവനക്കാരാണ് ആദ്യം കണ്ടത്. ട്രാക്കിൽനിന്ന് മാറാൻ ഇവർ ബാദുഷയോട് ആവശ്യപ്പെട്ടെങ്കിലും ഇവരെ ഇയാൾ അസഭ്യം പറയുകയും കല്ലെടുത്ത് എറിയാന്‍ ശ്രമിക്കുകയും ചെയ്തു. പിന്നാലെ ഇയാൾ ആത്മഹത്യാഭീഷണി മുഴക്കാൻ തുടങ്ങി. ഇതോടെ ജീവനക്കാർ പൊലീസിൽ വിവരം അറിയിച്ചു. മദ്യലഹരിയിൽ ബഹളം വെച്ച ഇയാളെ പൊലീസ് എത്തിയാണ് ട്രാക്കില്‍നിന്നും പണിപെട്ട് പിടിച്ചുമാറ്റിയത്.
അതേസമയം ബാദുഷയുടെ പരാക്രമം കാരണം മൂന്ന് ട്രെയിനുകളാണ് വൈകിയത്. ഒരു ഗുഡ്‌സ് ട്രെയിനും രണ്ട് പാസഞ്ചർ ട്രെയിനുകളും സ്റ്റേഷന് സമീപത്ത് പിടിച്ചിട്ടു. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പൊലീസ് പറഞ്ഞു. കണ്ണൂരിൽനിന്നെത്തിയ റെയിൽവേ പൊലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി. ട്രെയിൻ തടഞ്ഞത് അടക്കമുള്ള വകുപ്പ് ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്.