കണ്ണപുരം സ്‌ഫോടന കേസില്‍ പ്രതിയായ അനൂപ് മാലിക് മുന്‍പും സമാന കേസുകളില്‍ പ്രതിയായിട്ടുണ്ടെന്ന് പൊലീസ്. 2016ലെ പൊടിക്കുണ്ട് സ്‌ഫോടന കേസിലെ മുഖ്യപ്രതിയാണ് അനൂപ് മാലിക്. അന്ന് 57 വീടുകളായിരുന്നു സ്ഫോടനത്തിൽ തകർന്നത്. സ്ഫോടക വസ്തുക്കൾ നിയമവിരുദ്ധമായി കൈകാര്യം ചെയ്തതിന് ഇയാൾക്കെതിരെ ഏഴ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കണ്ണപുരം സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ചാലാട് സ്വദേശി മുഹമ്മദ് ആഷാം എന്നയാളുടെ ബന്ധുവാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ നിതിന്‍ രാജ് പി പറഞ്ഞു.
അനൂപ് മാലിക്കാണ് വീട് വാടകയ്ക്ക് എടുത്തിരുന്നതെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. വീട്ടില്‍ നടത്തിയ പരിശോധനയില്‍ വലിയ രീതിയില്‍ ഗുണ്ടുകളും പടക്കങ്ങളും നിര്‍മിക്കുന്ന വസ്തുക്കള്‍ കണ്ടെത്തി. പടക്കങ്ങള്‍ നിര്‍മിക്കുന്നതിന് അനുമതി തേടിയിരുന്നില്ലെന്നാണ് മനസിലാക്കുന്നത്. അനൂപിനെ കണ്ടെത്തേണ്ടതുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ജില്ലാ ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തില്‍ സംഭവം അന്വേഷിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി