കോഴിക്കോട് : സ്‌കൂള്‍ ബസിലെ വിന്‍ഡോ ഗാര്‍ഡിന് സമീപമുള്ള ദ്വാരത്തില്‍ കൈവിരല്‍ കുടുങ്ങിയ 7-ാം വിദ്യാര്‍ഥിയെ രക്ഷിച്ചു.അല്‍ ഹിദായത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നിന്ന് കോടങ്ങാട്ടേ കുട്ടിയുടെ വീട്ടിലേയ്ക്ക് വരുമ്പോള്‍ ശനിയാഴ്ച 4.30-നായിരുന്നു സംഭവം. വീടിന് സമീപം ഇറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് കുട്ടിയുടെ കൈവിരല്‍ ദ്വാരത്തിനുള്ളില്‍ കുടുങ്ങിയത് ശ്രദ്ധയില്‍പ്പെടുന്നത്.
ബസ് ജീവനക്കാരും നാട്ടുകാരും ഏറെ പരിശ്രമിച്ചെങ്കിലും വിരല്‍ പുറത്തെടുക്കാന്‍ സാധിച്ചില്ല. വാഹനം പിന്നീട് മലപ്പുറം ഫയര്‍ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. ഒരു മണിക്കൂറോളം സമയമെടുത്താണ് അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ ബസ്സിന്റെ സീറ്റ് അഴിച്ചു മാറ്റി മെറ്റല്‍ ഷീറ്റ് ഗ്രൈന്റര്‍ ഉപയോഗിച്ച് വളയം മുറിച്ചു മാറ്റിയത്. സ്റ്റേഷന്‍ ഓഫീസര്‍ ഇ.കെ. അബ്ദുള്‍ സലീമിന്റെ നേതൃത്വത്തിലാണ് അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ ഒരു മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനം നടത്തിയത്.