തിരുവനന്തപുരം ∙ ലൈംഗിക ചൂഷണ പരാതികളുടെ പരമ്പര നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാംഗത്വം ഒഴിയാനായി കോൺഗ്രസിൽ വൻ സമ്മർദം. രാജിക്കു രാഹുൽ വിസമ്മതിച്ചാൽ പുറത്താക്കൽ അടക്കമുള്ള കടുത്ത അച്ചടക്കനടപടിയും പാർട്ടിയുടെ പരിഗണനയിൽ. കോൺഗ്രസ് നിയമസഭാ കക്ഷിയുടെ ഭാഗമായി രാഹുൽ തുടരുന്നതിനോടു ശക്തമായ വിയോജിപ്പുണ്ടെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളെ അറിയിച്ചു.എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി.വേണുഗോപാലും ദീപ ദാസ്മുൻഷിയും പ്രധാന നേതാക്കളുമായി ആശയവിനിമയം തുടങ്ങി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും നേതാക്കളുടെ അഭിപ്രായം തേടി.കോൺഗ്രസ് ഇക്കാര്യത്തിൽ ഏകാഭിപ്രായത്തിലെത്തിയിട്ടില്ല. നിയമ സംവിധാനങ്ങൾക്കു മുന്നിൽ ഒരു പരാതി പോലും എത്താത്ത സാഹചര്യത്തിൽ, തിരക്കിട്ട രാജിയുടെ ആവശ്യമില്ലെന്ന രാഹുലിന്റെ വാദത്തെ പിന്തുണയ്ക്കുന്നവർ പാർട്ടിയിലുണ്ട്. കെപിസിസി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ അക്കാര്യം പരസ്യമാക്കി. ആരോപണങ്ങളുണ്ടായപ്പോൾ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയാൻ പാർട്ടിയും രാഹുലും ഉടനടി എടുത്ത തീരുമാനമാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.എന്നാൽ, അതിനു ശേഷം പുറത്തുവന്ന ശബ്ദരേഖകളും ചാറ്റുകളും കോൺഗ്രസിന് ഉണ്ടാക്കുന്ന വലിയ ക്ഷതം ചൂണ്ടിക്കാട്ടിയാണ് സതീശൻ ഉറച്ച നിലപാടിലേക്കു നീങ്ങിയത്. രാഹുലിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാകുമെന്നു കൊച്ചിയിൽ പ്രഖ്യാപിച്ച സതീശൻ തന്റെ നിലപാടു പരസ്യമാക്കി.രാജി വേണമെന്ന അഭിപ്രായം വെള്ളിയാഴ്ച വരെ സണ്ണി ജോസഫിന് ഉണ്ടായിരുന്നില്ല. ഇന്നലെ പുറത്തുവന്ന, തികച്ചും സ്ത്രീവിരുദ്ധമായ സംഭാഷണം അദ്ദേഹത്തെയും സമ്മർദത്തിലാക്കി. കൂടുതൽ തെളിവുകൾ പുറത്തു വന്നേക്കാമെന്നതു കൊണ്ടുതന്നെ തീരുമാനം നീട്ടിക്കൊണ്ടു പോകാനിടയില്ല. തീരുമാനം കേരള നേതൃത്വത്തിനു വിടുകയാണ് എഐസിസി ചെയ്തിരിക്കുന്നത്.യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള രാജിയോടെ ‘ആ അധ്യായം അവസാനിച്ചു’ എന്ന നിലപാടാണ് ദീപ ദാസ്മുൻഷി ഇന്നലെ രാവിലെ കൈക്കൊണ്ടതെങ്കിലും സതീശൻ ഫോണിൽ വിയോജിപ്പ് അറിയിച്ചു. തദ്ദേശ–നിയമസഭാ തിരഞ്ഞെടുപ്പു തൊട്ടുമുന്നിൽ നിൽക്കെ രാഹുലിനെ സംരക്ഷിക്കാനാവില്ലെന്നു കെ.സി.വേണുഗോപാലിനോടും വ്യക്തമാക്കി കടുത്ത നടപടി വേണമെന്നാണു പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തലയുടെയും ആവശ്യം. എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം നിരാകരിക്കാനും തന്റെ ഭാഗം വ്യക്തമാക്കാനും രാഹുൽ ഇന്നലെ വാർത്താസമ്മേളനം വിളിച്ചെങ്കിലും നേതാക്കൾ ഇടപെട്ട് അതു വിലക്കി.