Trending

പൂക്കാലത്തിന് വിജയരാഘവനും. ഉള്ളൊഴുക്കിന് ഉർവശിക്കും. ദേശീയ പുരസ്‌കാരം

 71ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ഊര്‍വശിക്കും (ഉള്ളൊഴുക്ക്) , മികച്ച സഹനടനുള്ള പുരസ്‌കാരം(പൂക്കാലം) വിജയരാഘവനും ലഭിച്ചു.


2023ല്‍ പുറത്തിറങ്ങിയ സിനിമകള്‍ പരിഗണിച്ചാണ് പുരസ്‌കാരം നിര്‍ണയിച്ചത്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് 2021-22ല്‍ പുരസ്‌കാര വിതരണത്തെ ബാധിച്ചിരുന്നു. അതിനാല്‍ കഴിഞ്ഞ വര്‍ഷം 2022ലെ ചിത്രങ്ങള്‍ക്കാണ് പുരസ്‌കാരം നല്‍കിയിരുന്നത്. 332 ചിത്രങ്ങള്‍ പുരസ്‌കാരത്തിനായി പരിഗണിച്ചു.

കുട്ടനാട്ടിലെ ഒരു സാധാരണകുടുംബത്തിലെ രണ്ട് പേരുടെ വിവാഹ ബന്ധം തുടങ്ങുന്നിടത്തു നിന്നാണ് ഉള്ളൊഴുക്കിന്റെ ആരംഭം. പാര്‍വതി അവതരിപ്പിക്കുന്ന അഞ്ജു എന്ന കഥാപാത്രവും പ്രശാന്ത് മുരളിയുടെ തോമസുക്കുട്ടി എന്ന കഥാപാത്രവും വിവാഹിതരാവുകയാണ്. തോമസുക്കുട്ടിയുടെ അമ്മ ലീലാമ്മയായി ഉര്‍വശിയുമെത്തുന്നു.

കണ്ടു ശീലിച്ച ഒരമ്മായിമ്മയോ മരുമകളോ അല്ല ലീലാമ്മയും അഞ്ജുവും. രണ്ട് കാലഘട്ടങ്ങളിലെ സ്ത്രീകളെ വളരെ വ്യക്തമായി മനസിലാക്കാനാകും ഈ രണ്ട് സ്ത്രീകളിലും. മെഡിസിന് പോകണമെന്ന് ആഗ്രഹമുണ്ടായിട്ടും വീട്ടുകാരുടെ ഇഷ്ടത്തിന് 19-ാം വയസില്‍ വിവാഹിതയാകേണ്ടി വന്ന സ്ത്രീയാണ് ലീലാമ്മ. ഭര്‍ത്താവിനും മക്കള്‍ക്കും വേണ്ടി തന്റെ ആഗ്രഹങ്ങളും ജീവിതവുമെല്ലാം ഹോമിച്ച ഒരാള്‍. അങ്ങനെയുള്ള നിരവധി മുഖങ്ങള്‍ നമ്മുക്ക് ചുറ്റുമുണ്ടാകും. അത്തരക്കാരുടെ പ്രതിനിധിയെന്ന് ലീലാമ്മയെ കുറിച്ച് പറയാം.

എന്നാല്‍ അഞ്ജു നേരെ മറിച്ചാണ്. സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തിയുള്ള തന്റേതായ വ്യക്തമായ നിലപാടുകളും കാഴ്ചപ്പാടുകളുമുണ്ട് അഞ്ജുവിന്. എന്നിട്ടു പോലും വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഇഷ്ടമല്ലാത്ത ഒരു വിവാഹജീവിതത്തിലേക്ക് കടക്കേണ്ടി വരുകയാണ് അവള്‍ക്ക്. ഒരു മഴക്കാലത്ത് തോമസുക്കുട്ടി അപ്രതീക്ഷിതമായി മരണപ്പെടുന്നതോടെ അതിസങ്കീര്‍ണമായ പല സാഹചര്യങ്ങളിലൂടെയും അഞ്ജുവിനും ലീലാമ്മയ്ക്കും കടന്നു പോകേണ്ടി വരുന്നു.

എണ്‍പതു വര്‍ഷമായി ഇണക്കങ്ങളും പിണക്കങ്ങളുമായി ജീവിതം പൂക്കാലമാക്കിയ വൃദ്ധ ദമ്പതികളായ ഇട്ടൂപ്പിന്റെയും കൊച്ചു ത്രേസ്യയുടെയും പ്രണയത്തിന്റെ കഥയാണ് പൂക്കാലം പറയുന്നത്. പ്രായം കൂടുന്തോറും ഇട്ടൂപ്പിനു കൊച്ചുത്രേസ്യയോടുള്ള പ്രണയം കൂടുന്നതേയുള്ളൂ. അവരുടെ കൊച്ചു മകളായ എല്‍സിയുടെ മനഃസ്സമ്മത ദിവസം വീട്ടില്‍ ഒത്തുകൂടുന്ന മക്കളും മരുമക്കളും കൊച്ചുമക്കളും കൂടി ഉത്സവലഹരിയില്‍ മതിമറന്നു നില്‍ക്കുന്ന സമയത്താണ് എണ്‍പതു വര്‍ഷത്തെ ജീവിതത്തിനിടെ കാലിടറിപ്പോയ ഭാര്യയുടെ ഒരു രഹസ്യം ഇട്ടൂപ്പ് കണ്ടുപിടിക്കുന്നത്.

അതോടെ ഉത്സവലഹരിയിലായ കുടുംബാന്തരീക്ഷം മാറി മറിയുന്നു. ഭാര്യയുടെ വിശ്വാസവഞ്ചന ക്ഷമിക്കാന്‍ തയാറാകാത്ത ഇട്ടൂപ്പ് നൂറാം വയസ്സിലും വിവാഹമോചനം തേടാനുള്ള ആലോചന നടത്തുമ്പോള്‍ വേദന കടിച്ചമര്‍ത്തി മൗനത്തില്‍ അഭയം പ്രാപിക്കുകയാണ് കൊച്ചു ത്രേസ്യ. മക്കളും മരുമക്കളും അപ്പച്ചനെ തീരുമാനത്തില്‍നിന്നു പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നു. പിന്നീടുണ്ടാകുന്ന വൈകാരിക രംഗങ്ങളിലൂടെ പൂക്കാലം പ്രേക്ഷകനെ പിടിച്ചിരുത്തുന്നു.

Post a Comment

Previous Post Next Post