വാഹന പരിശോധനയ്ക്കിടെ ഡ്രൈവറുടെ മുഖത്തടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ. മഞ്ചേരിയിൽ വച്ചാണ് മലപ്പുറം പൈത്തിനിപ്പറമ്പ് സ്വദേശി ചപ്പങ്ങക്കാട്ടിൽ ജാഫർ പൊലീസ് ഉദ്യോഗസ്ഥന്റെ മർദനത്തിന് ഇരയായത്.
എടിഎം കൗണ്ടറുകളിൽ നിറയ്ക്കുന്ന പണവുമായി പോകുന്ന വാഹനത്തിന്റെ ഡ്രൈവറാണ് ജാഫർ. മഞ്ചേരി കച്ചേരിപ്പടിക്കടുത്ത് അരികിഴായയിൽ നടന്ന വാഹന പരിശോധനക്കിടെയാണ് ജാഫർ ഓടിച്ച വാഹനവും പൊലീസ് തടഞ്ഞു നിർത്തിയത്. കാക്കി ഷർട്ട് ഇടാത്തതിന്റെ പേരിൽ 250 രൂപ പിഴ അടയ്ക്കാൻ ആദ്യം ആവശ്യപ്പെട്ടു. പിന്നീട് പിഴ അടയ്ക്കാനുള്ള രസീതി നൽകിയപ്പോൾ തുക 500 രൂപയായി ഉയർന്നു. താൻ കൂലിപ്പണിക്കാരൻ ആണന്നും പിഴുത്തുക കുറയ്ക്കണം എന്നും ആവശ്യപ്പെട്ടപ്പോൾ പൊലീസ് ഉദ്യോഗസ്ഥൻ മുഖത്ത് അടിച്ചു എന്നാണ് പരാതി.
മറ്റു പൊലീസ് ഉദ്യോഗസ്ഥർ എത്തിയാണ് മർദിച്ച പൊലീസ് ഉദ്യോഗസ്ഥനെ പിടിച്ചു മാറ്റിയത്. പിന്നീട് ജാഫറിനെ മഞ്ചേരി പൊലീസ് സ്റ്റേഷനിൽ എത്തിച്ച് പരാതിയില്ലെന്ന് ബലമായി എഴുതി വാങ്ങിയെന്നും പറയുന്നു.
ജാഫർ മലപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി. മുഖത്തടിച്ച ഉദ്യോഗസ്ഥനെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് ജാഫർ.