Trending

രണ്ട് കിലോമീറ്റർ ഉയരമുള്ള ലോകത്തിലെ ഏറ്റവുംവലിയ കെട്ടിടം റിയാദിൽ വരുന്നു

 റിയാദ് - ലോക റെക്കോഡുകൾ ഭേദിക്കാൻ, അക്ഷരാർഥത്തിൽ ആകാശത്തെ ചുംബിക്കുന്ന, രണ്ടു കിലോമീറ്ററോളം ഉയരമുള്ള കെട്ടിടം റിയാദിൽ വരുന്നു. പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഏറെ ഉയരമുള്ള അംബരചുംബി കെട്ടിടത്തിൻ്റെ നിർമാണ നടപടികൾ പുരോഗമിക്കുകയാണെന്ന് വിശ്വസനീയമായ സ്രോതസ്സുകൾ വെളിപ്പെടുത്തി. ഇത്തരമൊരു കെട്ടിടം സൗദിയിൽ നിർമിക്കാൻ പദ്ധതിയുള്ളതായി കഴിഞ്ഞ വർഷം നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. രണ്ട് കിലോമീറ്റർ (1.2 മൈൽ) ഉയരമുള്ള ഈ കെട്ടിടം മറ്റെല്ലാ മനുഷ്യനിർമിത ഘടനകളെയും മറികടക്കുമെന്നാണ് കണക്കാക്കുന്നത് 


റിയാദിനടുത്തുള്ള നോർത്ത് പോൾ എന്നറിയപ്പെടുന്ന, നിർമാണം നടന്നുകൊണ്ടിരിക്കുന്ന വലിയ ബിസിനസ് ഡിസ്ട്രിക്ടിന്റെ ഭാഗമായിരിക്കും പുതിയ കെട്ടിടമെന്ന്

ദുബായ് ആസ്ഥാനമായുള്ള മീഡിയ മാഗസിൻ മീഡ് റിപ്പോർട്ട് ചെയ്തു‌. പ്രശസ്തമായ ബ്രിട്ടീഷ്

ആർക്കിടെക്റ്റർമാരായ ഫോസ്റ്റർ ആന്റ് പാർട്ണേഴ്സ് ആണ് കെട്ടിടം രൂപകൽപന ചെയ്യുന്നത്.


അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ വൺ വേൾഡ് ട്രേഡ് സെന്ററിന്റെ ഏകദേശം മൂന്നര മടങ്ങ് ഉയരവും നിലവിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയുടെ ഇരട്ടിയിലധികം ഉയരവുമായിരിക്കും പുതിയ ടവറിന്. സൗദിയിൽ നിലവിൽ നിർമാണത്തിലിരിക്കുന്ന ജിദ്ദ ടവർ ഉൾപ്പെടെയുള്ള മറ്റേതൊരു കെട്ടിടത്തെക്കാളും ഇതിന് വളരെഉയരമുണ്ടാകും. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്നോണം ഒരു കിലോമീറ്ററിലേറെ ഉയരത്തിലാണ് ജിദ്ദ ടവർ നിർമിക്കുന്നത്.


കെട്ടിട നിർമാണത്തിന് മറികടക്കേണ്ട വെല്ലുവിളികൾ വളരെ വലുതാണ്. ഇത്രയും ഉയരങ്ങളിലെ കാറ്റിൻ്റെ ഭാരം സാധാരണ കെട്ടിടത്തെ തകർക്കാൻ പര്യാപ്തമാണ്. മാത്രമല്ല, തറ വഹിക്കേണ്ട ഭാരവും വലുതായിരിക്കും. ഭൂകമ്പങ്ങളും കണക്കിലെടുക്കേണ്ടതുണ്ട്. ഒരു സ്ട്രക്ചറൽ എൻജിനീയർക്ക് ഉറക്കമില്ലാത്ത രാത്രികൾ നൽകാൻ ഇത് ധാരാളമാണ്. പദ്ധതിക്ക് ഏകദേശം 500 കോടി ഡോളർ (1,875 കോടി സൗദി റിയാൽ) ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു. പക്ഷേ ഇത് എപ്പോൾ പൂർത്തിയാകുമെന്നോ അതിന്റെ രൂപഭാവത്തെ കുറിച്ച കൂടുതൽ കൃത്യമായ വിശദാംശങ്ങളോ ഇതുവരെ അറിവായിട്ടില്ല.


സൗദിയിൽ നിലവിൽ നിർമാണ മേഖലയിലെ കുതിച്ചുചാട്ടത്തിന്റെ വലിയൊരു ഭാഗത്തിന് ധനസഹായം നൽകുന്ന പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട്, റിയാദ് പദ്ധതിക്കുള്ള ടെണ്ടറുകൾ സമർപ്പിക്കാൻ അടുത്തിടെ കമ്പനികളെ ക്ഷണിച്ചിരുന്നു. പദ്ധതി ഇപ്പോഴും പ്രാരംഭഘട്ടത്തിലാണെന്ന് മീഡ് അഭിപ്രായപ്പെടുന്നു. ഈ പദ്ധതി മുന്നോട്ട് പോവുകയാണെങ്കിൽ ദി ക്യൂബ്, ദി ലൈൻ എന്നിവയുൾപ്പെടെ സൗദി അറേബ്യയിൽ നിലവിൽ നിർമിക്കപ്പെടുന്ന അംബരചുംബികളായ കെട്ടിടങ്ങളുടെ അതിശയകരമായ പരമ്പരയിലെ ഏറ്റവും പുതിയതായിരിക്കും ഇത്.


Post a Comment

Previous Post Next Post