Trending

രാഹുൽ ഈശ്വറിന്റെ ആരോഗ്യനില മോശമായതിനെ തുടർന്ന് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

 തിരുവനന്തപുരം: റിമാൻഡിൽ കഴിയുന്ന രാഹുൽ ഈശ്വറിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് രാഹുലിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ജയിലിൽ നിരാഹാരസമരം നടത്തിവരികയാണ് രാഹുൽ. വെള്ളിയാഴ്ച ഉച്ചയ്ക്ക് മെഡിക്കൽ കോളേജിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി ജയിലിലേക്ക് കൊണ്ടുപോകാൻ ആയിരുന്നു ഉദ്ദേശിച്ചിരുന്നെങ്കിലും ആരോഗ്യനില മോശമായതിനെ തുടർന്ന് അഡ്മിറ്റ് ചെയ്യാൻ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു.


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയ യുവതിയെ സൈബറിടത്തിൽ അധിക്ഷേപിച്ചെന്ന കേസിലാണ് രാഹുൽ ജയിലിൽ കഴിയുന്നത്. തിരുവനന്തപുരം സിറ്റി സൈബർ പോലീസ് ആണ് കേസ് അന്വേഷിക്കുന്നത്. പച്ചക്കള്ളം പറഞ്ഞാണ് പോലീസ് തന്നെ കുടുക്കിയതെന്ന് ആരോപിച്ച രാഹുൽ, മഹാത്മ ഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സത്യഗ്രഹമിരിക്കുമെന്ന് പറഞ്ഞിരുന്നു. ജയിലിലേക്ക് മാറ്റുന്നതിന് മുമ്പായി വൈദ്യപരിശോധന നടത്തി പുറത്തിറങ്ങിയപ്പോൾ, പുരുഷന്‍മാര്‍ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യസമരം ആണെന്നും രാഹുല്‍ മാധ്യമങ്ങളോട് വിളിച്ചുപറയുകയും ചെയ്തു.

തുടര്‍ന്ന് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചപ്പോഴും തന്നെ കള്ളം പറഞ്ഞ് കുടുക്കിയതാണെന്ന് രാഹുല്‍ ഈശ്വര്‍ ആവര്‍ത്തിച്ചു. പൂജപ്പുര ജയിലിലാണ് രാഹുൽ റിമാൻഡിൽ കഴിയുന്നത്. തിരുവനന്തപുരം എസിജെഎം കോടതിയാണ് രാഹുലിനെ റിമാന്‍ഡ് ചെയ്തത്. അതിജീവിത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ്.

Post a Comment

Previous Post Next Post