തിരുവനന്തപുരം : കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ മര്‍ദ്ദിച്ച സംഭവത്തിൽ നാല് പൊലീസുകാര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ. കുറ്റക്കാരായ പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യാനാണ് ശുപാര്‍ശ. ഇവര്‍ക്കെതിരെ കോടതി നടപടി തുടരുന്ന സാഹചര്യത്തിലാണ് ശുപാര്‍ശ. നിലവിലെ ശിക്ഷാനടപടി പുനഃപരിശോധിക്കാനും ശുപാര്‍ശ. ഡി ഐ ജി ഹരിശങ്കറാണ് ഐജിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
നേരത്തെ സുജിത്തിനെ മർദ്ദിച്ച പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.
സുജിത്ത് സ്റ്റേഷനില്‍ നേരിട്ടത് ക്രൂരമായ മര്‍ദ്ദനമാണെന്നും ക്രിമിനലുകള്‍ പോലും ചെയ്യാത്ത കാര്യമാണ് പൊലീസുകാര്‍ ചെയ്തതെന്നും സതീശന്‍ ആരോപിച്ചിരുന്നു.
മര്‍ദ്ദിച്ചിട്ടും മര്‍ദ്ദിച്ചിട്ടും മതിവരാത്ത രീതിയില്‍ സുജിത്തിനെ പൊലീസുകാര്‍ മര്‍ദ്ദിച്ച് അവശനാക്കി. അതും പോരാതെയാണ് കള്ളക്കേസില്‍ കുടുക്കിയത്. എസ്ഐ ഉള്‍പ്പെടെ പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന്,പുറത്താക്കണമെന്നായിരുന്നു വി ഡി സതീശൻ്റെ ആവശ്യം.