കോഴിക്കോട്:മരണത്തിൽ ബന്ധുക്കൾ സംശയംപ്രകടിപ്പിച്ചതിനെത്തുടർന്ന് സംസ്കരിച്ച മൃതദേഹം പുറത്തെടുത്തു.കോണാട് ബീച്ചിൽ തോണിച്ചാൽ വീട്ടിൽ അസീമി(40)ന്റെ മൃതദേഹമാണ് അസ്വാഭാവിക മരണത്തിൽ വിശദമായ പരിശോധന നടത്തുന്നതിൻ്റെ ഭാഗമായി ഖബറിൽ നിന്ന് പൊലീസ് പുറത്തെടുത്തത്.
അസീമിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ഭാര്യ സിംന നൽകിയ പരാതിയിലാണ് വെള്ളയിൽ പോലിസിൻ്റെ നടപടി. റവന്യൂ ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ബുധനാഴ്ച പുറത്തെടുക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ, ഇതുസംബന്ധിച്ച ജില്ലാഭരണകൂടത്തിന്റെ അനുമതി പോലീസിനു ലഭിക്കാൻ വൈകിയതുകൊണ്ടും മൃതദേഹം പുറത്തെടുക്കൽ പൂർണമായും പകൽവെളിച്ചത്തിലേ പാടുള്ളൂവെന്നതുകൊണ്ടുമാണ് വ്യാഴാഴ്ചത്തേക്കുമാറ്റിയത്. തോപ്പയിൽ ജുമാമസ്ജിദ് കബർസ്ഥാനിൽ ഞായറാഴ്ചയാണ് മൃതദേഹം സംസ്കരിച്ചത്.
ശനിയാഴ്ച ഒൻപതുമണിയോടുകൂടി സ്വന്തംവീട്ടിൽ അബോധാവസ്ഥയിൽ കിടക്കുകയായിരുന്ന അസീമിനെ ഭാര്യയും ബന്ധുക്കളുംചേർന്ന് ആദ്യം ബീച്ചാശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും വിദഗ്ധചികിത്സയ്ക്കായി എത്തിച്ചു. എന്നാൽ, ചികിത്സയിലിരിക്കെ ഏഴിന് പുലർച്ചെ രണ്ടിന് മരിച്ചു. നെഞ്ചിലും വലതുകൈക്കും മുഖത്തും പരിക്കുണ്ടെന്നും അതിനാൽ മരണത്തിൽ സംശയമുണ്ടെന്നും ഭാര്യ എം. സിംനയുൾപ്പെടെയുള്ള ബന്ധുക്കൾ ഡോക്ടർമാരോടും പോലീസിനോടും പറഞ്ഞതോടെയാണ് മറവുചെയ്ത മൃതദേഹം പുറത്തെടുക്കാൻ തീരുമാനിച്ചത്.
തിരുവോണവും നബിദിനവും ആഘോഷിക്കാൻവേണ്ടി ഒരു വീട്ടിൽ പോയിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ആ വീടിനടുത്തുനിന്ന് ഒരു ബന്ധുവാണ് ബൈക്കിൽ വീട്ടിലെത്തിച്ചത്. വീട്ടിലെത്തിയ ഉടൻ ഉറങ്ങാൻകിടന്നെന്ന് ഭാര്യ പറഞ്ഞു. എന്നാൽ, ഏറെനേരംകഴിഞ്ഞിട്ടും ഉണരാത്തതിനാൽ സംശയംതോന്നി വിളിച്ചുനോക്കിയപ്പോൾ അബോധാവസ്ഥയിലായിരുന്നു. അതിനാലാണ് ആശുപത്രിയിലെത്തിച്ചതെന്നും ഭാര്യ സിംന പറഞ്ഞു. തിങ്കളാഴ്ച പോലീസ് സിംനയുടെ മൊഴി രേഖപ്പെടുത്തി അസ്വാഭാവികമരണത്തിന് കേസെടുത്തിരുന്നു. വെള്ളയിൽ എസ്ഐ എം. അഭിലാഷ്, എഎസ്ഐ പി.കെ. ഷിജി എന്നിവരാണ് അന്വേഷണോദ്യോഗസ്ഥർ.