റീൽസെടുത്ത് വെട്ടിലായി റിയാലിറ്റി ഷോ താരവും സോഷ്യൽമീഡിയ ഇൻഫ്ലുവൻസറുമായ. ജാസ്മിൻ ജാഫർ. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വിഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചെന്നാണ് ജാസ്‌മിനെതിരായ ആരോപണം. ഗുരുവായൂർ ക്ഷേത്രത്തിന്റെ ഭാഗം എന്ന നിലക്ക് ക്ഷേത്രക്കുളത്തിൽ വിഡിയോ ചിത്രീകരണത്തിന് വിലക്കുണ്ട്. ഇത് ലംഘിച്ചാണ് ജാസ്മിന്റെ നടപടി.
ഒരു അമ്പലവാസി പെൺകുട്ടിയായി, ശാലീന സുന്ദരിയായുള്ള ജാസ്‌മിനെ വീഡിയോയിൽ കാണാം. അമ്പല കുളത്തിൽ കാൽ നനച്ച്, തലയിൽ മുല്ലപ്പൂ ചൂടുന്ന ജാസ്‌മിന്റെ വീഡിയോ
സംഭവത്തിൽ ഗുരുവായൂർ ദേവസ്വം പൊലീസിൽ പരാതി നൽകി. ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ ആണ് പരാതി നൽകിയത്. പരാതി ലഭിച്ചതായും കോടതിയിൽ സ്റ്റേറ്റ്മെന്റ് നൽകിയെന്നും കോടതി നിർദേശിച്ചാൽ കേസെടുക്കുമെന്നും ഗുരുവായൂർ ടെമ്പിൾ പൊലീസ് പറഞ്ഞു.
മുൻ ബിഗ്ബോസ് റിയാലിറ്റി ഷോ താരവും ഫാഷൻ ഇൻഫ്ലുവൻസറുമായ ജാസ്മിൻ സ്വന്തം ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് മൂന്ന് ദിവസം മുമ്പ് ക്ഷേത്രക്കുളത്തിൽനിന്നുള്ള റീൽസ് പോസ്റ്റ് ചെയ്തത്.
മതവികാരം വ്രണപ്പെടുത്തലും, കലാപാഹ്വാനം ഉയർത്തിക്കൊണ്ടുള്ള നടപടിയാണ് ഇവിടെ ഉണ്ടായിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടിയാണ് ദേവസ്വം അഡ്മിനിസ്ട്രേറ്റർ പരാതി നൽകിയിരിക്കുന്നത്. നിയമ വശങ്ങൾ പരിശോധിച്ച് കേസെടുക്കുന്നതടക്കം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
റീൽസ് ഇതിനരം 2.6 മില്യൺ ആളുകളാണ് ഇൻസ്റ്റഗ്രാമിൽ കണ്ടത്. നടപടിക്കെതിരെ നിരവധി പേർ രംഗത്തുവന്നതോടെ കമന്റ് ചെയ്യാനുള്ള ഒപ്ഷൻ ലിമിറ്റഡ് ആക്കി.
യൂട്യൂബ് വ്ളോഗർ എന്ന നിലയിലാണ് ജാസ്മിൻ ജാഫർ ശ്രദ്ധ നേടിയിരുന്നത്. എന്നാൽ ബിഗ് ബോസ് മലയാളം സീസൺ 6 ന് ശേഷം ജാസ്മിനെ കേരളക്കര അറിഞ്ഞു. ബിഗ് ബോസിൽ ജാസ്മിൻ ഏറ്റവും അധികം വിമർശിക്കപ്പെട്ടത് ഗബ്രി ജോസുമായുള്ള സൗഹൃദത്തിന്റെ പേരിലായിരുന്നു. പ്രണയമാണോ സൗഹൃദമാണോ എന്ന ചോദ്യത്തിന് ബിഗ് ബോസ് ഹൗസിന് അകത്ത് വച്ചും ഇരുവരും ഒരു മറുപടി നൽകിയിരുന്നില്ല.
എട്ട് ലക്ഷത്തോളം ഫോളോവേഴ്സാണ് ജാസ്മിന് ഇൻസ്റ്റഗ്രാമിലുള്ളത്. 1.5 മില്യൺ യൂട്യൂബ് സബ്സ്ക്രൈബേഴ്‌സും ഇവർക്കുണ്ട്.