കൊല്‍ക്കത്ത: യുവതിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊല്‍ക്കത്ത ബെലേഗാട്ട സ്വദേശി ശ്വേത പ്രസാദ് ഷായെ ആണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അതേസമയം, യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നും ബന്ധുക്കള്‍ ആരോപിച്ചു.
കിടപ്പുമുറിയില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയ ശ്വേതയെ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍, ആശുപത്രിയിലെത്തും മുന്‍പേ മരണംസംഭവിച്ചിരുന്നു. തുടര്‍ന്ന് ശ്വേതയുടെ ഭര്‍ത്താവ് രോഹിത് കുമാര്‍, ഭര്‍തൃമാതാവ് റിത ദേവി എന്നിവരില്‍നിന്ന് പോലീസ് മൊഴി രേഖപ്പെടുത്തി.
മേഘാലയയിലേക്ക് തീരുമാനിച്ചിരുന്ന യാത്രമുടങ്ങിയതുമായി ബന്ധപ്പെട്ട് ഭാര്യയുമായി വഴക്കുണ്ടായെന്നും ഇതിനുപിന്നാലെയാണ് ഭാര്യ ജീവനൊടുക്കിയതെന്നുമായിരുന്നു രോഹിത് കുമാറിന്റെ മൊഴി. സാമ്പത്തികപ്രശ്‌നങ്ങള്‍ കാരണമാണ് മേഘാലയ യാത്ര ഒഴിവാക്കിയത്. യാത്ര ഒഴിവാക്കിയതിനെച്ചൊല്ലി ഭാര്യ വഴക്കിട്ടു. ഇതിനുപിന്നാലെ ഭാര്യ മുറിയില്‍ കയറി വാതിലടച്ചു. ഏറെനേരം കഴിഞ്ഞിട്ടും ഭാര്യയുടെ പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്തുകയറിപ്പോഴാണ് ദുപ്പട്ട ഉപയോഗിച്ച് സീലിങ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയതെന്നും ഭര്‍ത്താവ് പറഞ്ഞു.
അതേസമയം, സംഭവം കൊലപാതകമാണെന്നാണ് യുവതിയുടെ കുടുംബത്തിന്റെ ആരോപണം. രണ്ട് പെണ്‍മക്കളുള്ള ശ്വേത, ആണ്‍കുഞ്ഞിനെ പ്രസവിക്കാത്തതിനാല്‍ ഭര്‍തൃമാതാപിതാക്കള്‍ ഉപദ്രവിച്ചിരുന്നതായും സംഭവം ആസൂത്രിതമായ കൊലപാതകമാണെന്നും ഇവര്‍ പറഞ്ഞു.
2015 ഏപ്രില്‍ 30-നാണ് ശ്വേതയും രോഹിത്തും വിവാഹിതരായത്. ദമ്പതിമാര്‍ക്ക് രണ്ട് പെണ്‍മക്കളുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷമായി ഇരുവരും തമ്മില്‍ ഇടയ്ക്കിടെ വഴക്കിടാറുണ്ടെന്നാണ് അയല്‍വാസികളും ബന്ധുക്കളും പറയുന്നത്. അതേസമയം, സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും എല്ലാവശങ്ങളും പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.