തൃശൂർ : തൃശ്ശൂരിലെ വോട്ട് ക്രമക്കേട് വിവാദത്തിനിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സഹോദരനും ഇരട്ടവോട്ട് ഉണ്ടെന്ന വിവരം പുറത്ത്. സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിയുടെ പേര് തൃശൂരിലെയും കൊല്ലത്തെയും വോട്ടര്‍ പട്ടികയില്‍ ഉണ്ടെന്ന വിവരമാണ് പുറത്ത് വരുന്നത്. കൊല്ലത്തെ കുടുംബവീടായ ലക്ഷ്മി നിവാസ് മേല്‍വിലാസത്തിലാണ് കൊല്ലത്ത് സുഭാഷ് ഗോപിയുടെ വോട്ടുള്ളത്. ഇരവിപുരം മണ്ഡലത്തിലെ 84ാം നമ്പര്‍ ബൂത്തിലാണ് വോട്ട്. എന്നാല്‍ കൊല്ലത്ത് വോട്ട് ചെയ്‌തോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. വോട്ട് ക്രമക്കേടില്‍ ബിജെപിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുകയാണ്. ആലത്തൂര്‍ മണ്ഡലത്തിന്റെ ഭാഗമായ വേലൂര്‍ പഞ്ചായത്തില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ച ഹരിദാസനും സുരേഷ് ഗോപിയുടെ ഡ്രൈവറായിരുന്ന അജയകുമാറും പൂങ്കുന്നത്ത ക്യാപ്പിറ്റല്‍ വില്ലേജ് ഫ്‌ലാറ്റില്‍ ചേര്‍ക്കപ്പെട്ടു എന്നാണ് വിവരം. അതിനിടെ, മലപ്പുറം സ്വദേശിയായ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ വി ഉണ്ണികൃഷ്ണന്‍ തൃശ്ശൂരില്‍ വോട്ട് ചെയ്തു എന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ രംഗത്തെത്തി. ഒന്നര കൊല്ലമായി തൃശ്ശൂരില്‍ താമസിച്ച സംഘടന ചുമതല നിര്‍വഹിക്കുന്നത് കൊണ്ടാണ് തൃശ്ശൂരിലെ പട്ടികയില്‍ വോട്ട് ചേര്‍ത്തതെന്ന് ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചു.