ഷാർജ - ദുബായിൽ വാഹനാപകടത്തിൽ പരിക്കേറ്റ കണ്ണൂർ നീർച്ചാൽ സ്വദേശിനി റഹ്‌മത്ത് ബി മമ്മദ് സാലിക്ക് 10 ലക്ഷം ദിർഹം (രണ്ടരക്കോടിയിലേറെ രൂപ) നഷ്ടപരിഹാരം ലഭിച്ചു. 2023 ഏപ്രിൽ 24-ന് അൽ വഹീദ ബംഗ്ലാദേശ് കോൺസുലേറ്റിന് സമീപം റോഡ് മുറിച്ചുകടക്കവേ എതിരെ വന്ന വാഹനമിടിച്ചാണ് അപകടത്തിൽപ്പെട്ടത്.
ഡ്രൈവറുടെ അശ്രദ്ധയോടൊപ്പം പരാതിക്കാരി നിയമവിരുദ്ധമായി റോഡ് മുറിച്ചുകടന്നതും അപകടത്തിന് കാരണമാണെന്ന് കോടതി നിരീക്ഷിച്ചു. അപകടത്തെ തുടർന്ന് നിരവധിശാരീരിക പ്രയാസങ്ങൾ പരാതിക്കാരി അനുഭവിക്കേണ്ടിവന്നു.
സംഭവവുമായി ബന്ധപ്പെട്ട ക്രിമിനൽ കേസിൽ, വാഹനമോടിച്ച ഇമിറാത്തി പൗരന് 3,000 ദിർഹവും അപകടനിരയായ റഹ്‌മത്തിന് 1,000 ദിർഹവും കോടതി പിഴ ചുമത്തിയിരുന്നു. തുടർന്ന്, നഷ്ടപരിഹാരമാവശ്യപ്പെട്ട് ഷാർജ യാബ് ലീഗൽ സർവീസിലെ അഭിഭാഷകർ ഇൻഷുറൻസ് അതോറിറ്റിയെ സമീപിക്കുകയായിരുന്നു.
ഇൻഷുറൻസ് കമ്പനി, അപകടത്തിനുകാരണക്കാരനായ ഡ്രൈവർ എന്നിവരെ എതിർകക്ഷികളാക്കി കേസ് ഫയൽ ചെയ്തു. ഇൻഷുറൻസ് അതോറിറ്റിയാണ് റഹ്മത്തിന് അനുകൂലമായി രണ്ടരക്കോടിയിലേറെ രൂപ നഷ്ടപരിഹാരം അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയത്. വിധിക്കെതിരെ കക്ഷികൾ മേൽക്കോടതിയിൽ അപ്പീൽ നൽകിയെങ്കിലും ഇൻഷുറൻസ് അതോറിറ്റിയുടെവിധി ശരിവെക്കുകയായിരുന്നു.