വോട്ട് കൊള്ളയ്‌ക്കെതിരെ ഇൻഡ്യാ സഖ്യം സംഘടിപ്പിക്കുന്ന വോട്ടർ അധികാർ യാത്രയ്ക്ക് ബിഹാറിൽ പ്രൗഢമായ തുടക്കം. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള യാത്ര ബിഹാറിലെ 24 ജില്ലകളിലൂടെ കടന്നു പോകും. ഇൻഡ്യാ സഖ്യത്തിലെ പ്രമുഖ നേതാക്കൾ ഉദ്ഘാടന ചടങ്ങിലെത്തി. ആർജെഡി നേതാക്കളായ ലാലു പ്രസാദ് യാദവ്, തേജ്വസി യാദവ് എന്നിവരും വേദിയിലെ സാന്നിധ്യമായി. ലാലു പ്രസാദിനെ ആശ്ലേഷിച്ചാണ് നേതാക്കൾ സ്വീകരിച്ചത്.
ആയിരങ്ങളെ സാക്ഷിയാക്കി രാഹുൽ ഗാന്ധി വോട്ടർ അധികാർ യാത്രയെ കുറിച്ച് സംസാരിക്കാൻ തുടങ്ങിയതും കരഘോഷങ്ങളോടെയാണ് ജനം ഏറ്റെടുത്തത്. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മഹാരാഷ്ട്രയിലെ വോട്ട് അട്ടിമറിയെ കുറിച്ച് ആവർത്തിച്ച് പറഞ്ഞ രാഹുൽ, ഒരു കോടി പുതിയ വോട്ടർമാരെ മഹാരാഷ്ട്രയിൽ ചേർത്തുവെന്നും ഈ വോട്ട് കൂട്ടത്തോടെ ബിജെപിയിലേക്ക് പോയെന്നും പറഞ്ഞു. വോട്ടർപട്ടികയുമായി ബന്ധപ്പെട്ട് ഉന്നയിക്കുന്ന സംശയങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകുന്നില്ല. വോട്ട് കൊള്ളയിലൂടെയാണ് ബിജെപി വിജയിക്കുന്നത്. എന്നാൽ ബിഹാറിൽ അത് അനുവദിക്കില്ല. എല്ലാ സംസ്ഥാനങ്ങളിലേയും വോട്ട് കൊള്ള ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടും. ബിഹാറിലെ ദരിദ്രരുടെ വോട്ടുകൾ വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണത്തിലൂടെ തട്ടിയെടുക്കാനാണ് ശ്രമമെന്നും രാഹുൽ ആരോപിച്ചു. ബിജെപി തനിക്കെതിരെ നടത്തിയ വാർത്താ സമ്മേളനം അപ്രസക്തമാണ്. തന്റെ പക്കൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സത്യവാങ്മൂലം ആവശ്യപ്പെട്ടു. പക്ഷേ വാർത്താസമ്മേളനം നടത്തിയ ബിജെപിയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും രാഹുൽ ആഞ്ഞടിച്ചു.