Trending

കോഴിക്കോട് ജലസംഭരണി തകർന്ന് നാശനഷ്ടം സംഭവിച്ചു

 കോഴിക്കോട് എരഞ്ഞിപ്പറമ്പിൽ കൂറ്റൻ ജലസംഭരണി തകര്‍ന്ന് അപകടം. ജലസംഭരണിയുടെ ഒരു ഭാഗം തകര്‍ന്നതോടെ വെള്ളം കുതിച്ചൊഴുകിയാണ് അപകടമുണ്ടായത്. കുടിവെള്ള പദ്ധതിയുടെ ജലസംഭരണിയുടെ ഒരു വശത്തെ കോണ്‍ക്രീറ്റ് ഭിത്തിയാണ് തകർന്നത്. ജലസംഭരണിയിലെ വെള്ളം രണ്ട് വീടുകളിലേക്ക് ഇരച്ചെത്തി. രണ്ട് വീടുകളുടെ മുറ്റത്തേക്കാണ് വെള്ളം ഒഴുകിയെത്തിയത്. വീട്ടിന് മുന്നിൽ നിര്‍ത്തിയിട്ട ഇരുചക്രവാഹനങ്ങള്‍ക്കടക്കം കേടുപാട് സംഭവിച്ചു. വീടുകളുടെ മുറ്റത്തേക്ക് അടക്കം വെള്ളം കയറി. വീട്ടുമുറ്റത്തെ മണ്‍തിട്ടയടക്കം തകര്‍ത്താണ് വെള്ളം ഇരച്ചെത്തിയതെന്ന് വീട്ടുകാര്‍ പറഞ്ഞു. 


30 വര്‍ഷം മുമ്പ് നിര്‍മിച്ച ജലസംഭരണിയാണ് ഭാഗികമായി തകര്‍ന്നത്. 50000 ലിറ്റര്‍ സംഭരണ ശേഷിയുള്ള കുടിവെള്ള ടാങ്ക് തകര്‍ന്നതോടെ ആശങ്കയിലാണ് പ്രദേശവാസികള്‍. ചതുരാകൃതിയിൽ കോണ്‍ക്രീറ്റുകൊണ്ട് നിര്‍മിച്ച ടാങ്കിന്‍റെ ഒരു വശത്തെ കോണ്‍ക്രീറ്റ് പാളി പൂര്‍ണമായും തകര്‍ന്ന് വീണ നിലയിലാണ്. പ്രദേശത്തെ 120 കുടുംബങ്ങള്‍ ആശ്രയിക്കുന്ന ജലസംഭരണിയാണിത്. രൂക്ഷമായ ജലക്ഷാമം നേരിടുന്ന മേഖലയാണിതെന്നും അടിയന്തരമായി അധികൃതര്‍ പ്രശ്നം പരിഹരിക്കണമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. പുലര്‍ച്ചെ 12.55ഓടെയാണ് സംഭവമെന്നും നേരിയ മഴ പെയ്യുന്നുണ്ടായിരുന്നുവെന്നും വലിയ ശബ്ദം കേട്ട് പുറത്തേക്ക് നോക്കിയപ്പോഴാണ് വെള്ളം കുതിച്ചൊഴുകുന്നത് കണ്ടതെന്ന് വീട്ടുടമ പറഞ്ഞു.

Post a Comment

Previous Post Next Post