കോഴിക്കോട്: വീടുകള്‍ പണയത്തിനുനല്‍കുന്നതിന്റെ മറവില്‍ സാമ്പത്തികത്തട്ടുപ്പുനടത്തിയ രണ്ടുപേരെ പോലീസ് പിടികൂടി. അശോകപുരം സ്വദേശി കോകിലം ഹൗസില്‍ മെര്‍ലിന്‍ ഡേവിസ് (59), വളയനാട് മാങ്കാവ് സ്വദേശി അല്‍ഹന്ദ് വീട്ടില്‍ നിസാര്‍ (38) എന്നിവരാണ് നടക്കാവ് പോലീസിന്റെ പിടിയിലായത്.
നടക്കാവ്, ചേവായൂര്‍, എലത്തൂര്‍ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ വീട് വാടകയ്‌ക്കെടുത്ത് സ്വന്തംവീടാണെന്നുപറഞ്ഞ് പണയത്തിനുനല്‍കി ലക്ഷങ്ങളാണ് പലരില്‍നിന്നും ഇവര്‍ കൈപ്പറ്റിയിരുന്നത്. ഈ പണത്തിന്റെ ഒരുപങ്കില്‍നിന്ന് യഥാര്‍ഥ വീട്ടുടമയ്ക്ക് വീട്ടുവാടകനല്‍കിപ്പോന്നിരുന്നു. മാസങ്ങള്‍ക്കുശേഷം ഇത് നിലച്ചതോടെ വീട്ടുടമകള്‍ താമസക്കാരോട് വാടകചോദിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. 2.8 ലക്ഷം, ഏഴുലക്ഷം, 25 ലക്ഷം എന്നിങ്ങനെ പണം നഷ്ടമായ മൂന്നുപേരുടെ പരാതിയില്‍ ഓഗസ്റ്റ് രണ്ടിന് രജിസ്റ്റര്‍ചെയ്ത കേസിലാണ് അറസ്റ്റ്. അറുപതിലധികം പേര്‍ക്ക് ഇത്തരത്തില്‍ പണം നഷ്ടമായതായണ് സൂചന.
പണം നഷ്ടപ്പെട്ടവര്‍ കഴിഞ്ഞയാഴ്ച മെര്‍ലിനെ അവര്‍ പാലക്കാട് താമസിക്കുന്ന വീട്ടിലെത്തി കണ്ടിരുന്നു. തന്റെ കോഴിക്കോട്ടുള്ള ഫ്‌ലാറ്റും കാറും വിറ്റ് പിതാവ് പണംതരുമെന്നുപറഞ്ഞ് ഇവരെ തിരിച്ചയക്കുകയായിരുന്നു. ഓഗസ്റ്റ് 18-ന് സ്ത്രീയുടെ മാതാപിതാക്കള്‍ താമസിക്കുന്ന അശോകപുരത്തെ വീടിനുമുന്നില്‍ പണമന്വേഷിച്ചെത്തിയെങ്കിലും വീട്ടുകാര്‍ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറായില്ല.
പോലീസെത്തിയാണ് ഇവരെ പിരിച്ചുവിട്ടത്. തുടര്‍ന്നുള്ളദിവസങ്ങളില്‍ പോലീസ് സ്റ്റേഷനില്‍ ചര്‍ച്ചകള്‍നടന്നെങ്കിലും പരിഹാരമായില്ല. പണയത്തിന് വീടുനല്‍കുന്നതിനുപുറമേ വീട് നിര്‍മിച്ചുനല്‍കാമെന്നപേരിലും പലരില്‍നിന്നും പണംവാങ്ങിയിട്ടുണ്ട്. പണംവാങ്ങി മൂന്നുവര്‍ഷത്തിലധികമായിട്ടും പലവീടുകളും ഭാഗികമായേ പണിതീര്‍ന്നിട്ടുള്ളൂ.
അശോകപുരം, എരഞ്ഞിപ്പാലം തുടങ്ങി കോഴിക്കോട് നഗരത്തിലെ വിവിധപ്രദേശങ്ങളിലുള്ളവരാണ് പണംനഷ്ടമായവരില്‍ അധികവും. മറ്റുജില്ലകളില്‍നിന്ന് ഇവിടെ വീടന്വേഷിച്ചെത്തിയവര്‍ക്കും പണം നഷ്ടമായിട്ടുണ്ട്.
പലരും കടംവാങ്ങിയും ലോണെടുത്തുമാണ് പണയത്തിനുള്ള കാശുനല്‍കിയിരുന്നത്. വീട്ടുടമകള്‍ വാടകചോദിച്ചുതുടങ്ങിയതോടെ പലരും തെരുവിലേക്കിറങ്ങേണ്ട സ്ഥിതിയിലാണ്. നടക്കാവ് ഇന്‍സ്‌പെക്ടര്‍ എന്‍. പ്രജീഷിന്റെ നിര്‍ദേശപ്രകാരം എസ്ഐ എന്‍. ലീല, എസ്സിപിഒ ബൈജു, സിപിഒമാരായ അരുണ്‍, ഐശ്വര്യ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. മെര്‍ലിന്‍ ഡേവിസിനെ പാലക്കാട്ടുനിന്നും നിസാറിനെ നടക്കാവുനിന്നുമാണ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി.