കോഴിക്കോട് മാവൂരിൽ നിരവധി മോഷണകേസുകളിലെ പ്രതി അറസ്റ്റിൽ.
ആസാം സ്വദേശി ജിയ്യാമ്പൂർ റഹ്‌മാൻ ആണ് അറസ്‌റ്റിലായത്. വിവിധ സ്‌റ്റേഷനുകളിലായി 15 ഓളം മോഷണ കേസുകളിലെ പ്രതിയാണ് ജിയ്യാമ്പൂർ റഹ്‌മാൻ. ഒരുമാസമായി മാവൂരിന്റെ ഉറക്കം കെടുത്തിയ അന്തർസംസ്‌ഥാന മോഷ്‌ടാവ് ആണ് ഒടുവിൽ പിടിയിലായത്. മാവൂരിൽ മാത്രം ജിയ്യാമ്പൂർ റഹ്‌മാൻ മോഷ്‌ടിക്കാൻ കയറിയത് എട്ട് കടകളിൽ. അതിൽ മൂന്ന് കടകളിലേക്ക് മാവൂർ പൊലീസ് സ്‌റ്റേഷനിൽ നിന്ന് 200 മീറ്റർ ദൂരം മാത്രം. വിവിധ കടകളിൽ നിന്നായി 40,000 രൂപയും വിവിധ സാധനങ്ങളുമാണ് പ്രതി മോഷ്‌ടിച്ചത്
കുന്ദമംഗലത്തും പടനിലത്തും കോഴിക്കടകളിലും ഹോട്ടലുകളിലും ജോലിക്ക് നിന്നാണ് മോഷണം ആസൂത്രണം ചെയ്‌തത്. മോഷണം നടത്തിയെങ്കിലും കാര്യമായി ഒന്നും ലഭിച്ചില്ല. തുടർന്ന് വലിയ തുക മോഷ്‌ടിക്കാനായി കാത്തിരിക്കുന്നതിനിടെയാണ് അരീക്കോട് നിന്ന് പൊലീസിന്റെ പിടിയിലാവുന്നത്. ബാഗ്, വസ്ത്രങ്ങൾ, ചെരുപ്പ്, 3 മൊബൈൽ ഫോണുകളും മോഷ്‌ടിച്ചവയിലുണ്ട്. സിസിടിവി കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ജിയ്യാമ്പൂർ റഹ്‌മാൻ ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു. മലപ്പുറം മേലാറ്റൂരിലെ മോഷണകേസിൽ ജയിൽ മോചിതനായതിനുശേഷമാണ് മാവൂരിൽ എത്തിയത്. കൊടുവള്ളി, കുന്ദമംഗലം, മുക്കം തുടങ്ങിയ പൊലീസ് സ്‌റേറഷനുകളിലും ഇയാൾക്കെതിരെ കേസുകൾ ഉണ്ട്.