കൊച്ചി: രോഗികൾക്ക് വായിക്കാനാകാത്ത വിധം വ്യക്തതയില്ലാതെ മരുന്ന് കുറിപ്പുകൾ എഴുതുന്ന ഡോക്ടർമാർക്ക് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതിയുടെ രൂക്ഷ വിമർശനം. രോഗികൾക്ക് കൂടി വായിക്കാൻ കഴിയും വിധം ഡോക്ടർമാരുടെ ജനറിക് മരുന്നുകളുടെ കുറിപ്പ് എഴുതണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതിയുടെ ഉത്തരവ്.
മെഡിക്കൽ രേഖകൾ യഥാസമയം രോഗികൾക്ക് ലഭ്യമാക്കണം. രോഗിയുടെ സ്വകാര്യത ഉറപ്പുവരുത്തികൊണ്ട് തൽസമയം തന്നെ ഡിജിറ്റലായി മെഡിക്കൽ രേഖകൾ നൽകണം എന്നും കോടതി ഉത്തരവിട്ടു. ഡിജിറ്റൽ മെഡിക്കൽ രേഖകൾ രോഗികൾക്കോ ബന്ധുക്കൾക്കോ നൽകണം. മെഡിക്കൽ രേഖകളുടെ അവകാശം രോഗിക്കുണ്ടെന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ തന്നെ അധികൃതർ രോഗിയെ അറിയിക്കണം.