Trending

പതിനൊന്നാമത്തെ വിവാഹത്തിന് ഒരുങ്ങവേ രണ്ടു വയസ്സുള്ള കുട്ടിയുടെ അമ്മയായ യുവതി കുടുങ്ങി

 തിരുവനന്തപുരം : ഓൺലൈനിൽ വിവാഹപ്പരസ്യം നൽകിയും സിനിമയെ വെല്ലുന്ന കഥകൾ മെനഞ്ഞും വിവിധ ജില്ലകളിലായി പത്തു പേരെ വിവാഹം കഴിച്ചു മുങ്ങിയ യുവതിയെ പിടികൂടി. എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും രണ്ടു വയസ്സുള്ള കുട്ടിയുടെ മാതാവുമായ രേഷ്മ ആണ് അടുത്ത വിവാഹത്തിനു തൊട്ടുമുൻപ് കുടുങ്ങിയത്. ഇന്നലെ രാവിലെ വിവാഹത്തിനായി ഒരുങ്ങി ഓഡിറ്റോറിയത്തിലേക്കു പോകാൻ നിന്ന രേഷ്മയെ പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗത്തിന്റെ പരാതിയിൽ ആര്യനാട് പൊലീസ് നാടകീയമായി അറസ്റ്റ് ചെയ്യുകയായിരുന്നു.


45 ദിവസം മുൻപ് വിവാഹം കഴിച്ചയാളെ കബളിപ്പിച്ചാണ് പഞ്ചായത്ത് അംഗവുമായുള്ള വിവാഹത്തിന് രേഷ്മ എത്തിയതെന്നും അടുത്ത മാസം തിരുവനന്തപുരം സ്വദേശിയായ മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. രേഷ്മയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്നു പ്രതിശ്രുത വരനും ബന്ധുവും ചേർന്ന് ഇവരുടെ ബാഗ് പരിശോധിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്.


വിവാഹത്തിനു മുന്നോടിയായി രേഷ്മ ബ്യൂട്ടിപാർലറിൽ കയറിയ സമയത്ത് നടത്തിയ പരിശോധനയിൽ മുൻപ് വിവാഹം കഴിച്ചതിന്റെ രേഖകൾ അടക്കം കണ്ടെടുത്തു. വിവാഹപ്പരസ്യം നൽകുന്ന ഗ്രൂപ്പിൽ പഞ്ചായത്ത് അംഗം റജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്ക് മേയ് 29ന് ആണ് ആദ്യം കോൾ വന്നത്. യുവതിയുടെ അമ്മയാണെന്നു പരിചയപ്പെടുത്തിയ സ്ത്രീ രേഷ്മയുടെ ഫോൺ നമ്പർ യുവാവിന് കൈമാറി. തുടർന്ന് ഇവർ പരസ്പരം സംസാരിച്ചു. ഇക്കഴിഞ്ഞ 4ന് കോട്ടയത്ത് മാളിൽ ഇരുവരും പരസ്പരം കണ്ടു. തന്നെ ദത്തെടുത്തതാണെന്നും വിവാഹം നടത്തുന്നതിൽ അമ്മയ്ക്കു താൽപര്യമില്ലെന്നും ഉപദ്രവിക്കാറുണ്ടെന്നും രേഷ്മ യുവാവിനെ പറഞ്ഞു വിശ്വസിപ്പിച്ചു.

ഇതോടെ വിവാഹം ഇന്നലെ നടത്താമെന്ന് യുവാവ് ഉറപ്പു നൽകി. 5ന് വൈകിട്ട് തിരുവനന്തപുരത്ത് വെമ്പായത്ത് എത്തിയ യുവതിയെ യുവാവ് കൂട്ടിക്കൊണ്ടു പോയി സുഹൃത്തിന്റെ വീട്ടിൽ താമസിപ്പിച്ചു. ഇതിനിടെ യുവതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നുകയായിരുന്നു. തുടർന്നാണ് ഇന്നലെ രാവിലെ ബാഗ് പരിശോധിച്ചതും പൊലീസിൽ പരാതി നൽകിയതും.

 വിവാഹമോചനം ഒരു വ്യവസായമായി വളർന്നുവരുന്ന പ്രവണതയാണ് ഇപ്പോൾ കേരളത്തിൽ

Post a Comment

Previous Post Next Post