തിരുവനന്തപുരം: സംസ്ഥാനത്ത് ഗർഭഛിദ്രം നടത്തുന്നവരുടെ എണ്ണത്തിൽ വൻവർധന ഉണ്ടാകുന്നതായി ഹെൽത്ത് മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റത്തിലെ (എച്ച്എംഐഎസ്) കണക്കുകൾ. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ഗർഭഛിദ്രം നടത്തുന്നവരുടെ എണ്ണത്തിൽ 76%ത്തിലധികം വർധന ഉണ്ടായതായാണ് കണക്ക്. 2014-15 ൽ കാലഘട്ടത്തിൽ, കേരളത്തിൽ 17,025 പേരാണ് ഗർഭഛിദ്രത്തിന് വിധേയരായതെങ്കിൽ, 2023- 24 ൽ 30,037 ഗർഭഛിദ്രങ്ങൾ എന്ന നിലയിലേക്ക് കണക്കുകൾ വളർന്നു.
ഗർഭഛിദ്രത്തിനായി ആളുകൾ കൂടുതൽ തെരഞ്ഞെടുക്കുന്നത് സ്വകാര്യം ആശുപത്രികളെയാണ്. മൂന്നിൽ രണ്ടും ഇവിടെയാണ് നടക്കുന്നത്. 2023- 24 കണക്ക് പ്രകാരം ആകെയുള്ള 30,037 ൽ 21, 282 ഗർഭഛിദ്രങ്ങളും നടന്നത് സ്വകാര്യ ആശുപത്രികളിലാണ്. സർക്കാർ ആശുപത്രികളിൽ ഇക്കാലയളവിൽ 8,755 ഗർഭഛിദ്രങ്ങളാണ് നടന്നത്. അതേസമയം കണക്കുകളിൽ പെടാത്ത ഗർഭഛിദ്രവും സംസ്ഥാനത്ത്
നടക്കുന്നുണ്ടെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. ചില സ്വകാര്യ ക്ലിനിക്കുകളും ഡോക്ടർമാരും ഇത്തരത്തിൽ പ്രവർത്തിക്കുന്നതായി മുൻപ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
അതേസമയം, ഹെൽത്ത് മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റത്തിലെ കണക്കുകളിൽ സ്വാഭാവിക ഗർഭഛിദ്രവും ബോധപൂർവമായ ഗർഭഛിദ്രവും ഉൾപ്പെടുത്തിയിട്ടുണ്ട്. 30,037 ൽ 9,858 സ്വാഭാവിക ഗർഭഛിദ്രങ്ങൾ മാത്രം നടത്തിയപ്പോൾ ബോധപൂർവമായ ഗർഭഛിദ്രം ഇതിന്റെ രണ്ടിരട്ടിയാണ് നടന്നത്. 2023- 24 ൽ ആകെ 20,179 ബോധപൂർവമായ ഗർഭഛിദ്രം നടന്നു. ബോധപൂർവമായ ഗർഭഛിദ്രങ്ങളിൽ ക്രമാനുഗതമായ വർധന ഉണ്ടായതായാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.
കണക്കുകൾ പ്രകാരം, 2014-15 വർഷങ്ങളിൽ പൊതു, സ്വകാര്യ ആശുപത്രികളിൽ നടത്തിയിട്ടുള്ള ഗർഭഛിദ്രങ്ങൾ ഏകദേശം തുല്യമാണ്. സർക്കാർ ആശുപത്രികളിൽ 8,324 പേരും സ്വകാര്യ ആശുപത്രികളിൽ 8701 പേരും ഗർഭഛിദ്രം നടത്തി. എന്നാൽ 2015-2016 മുതൽ സർക്കാർ ആശുപത്രികളെ മറികടന്ന് സ്വകാര്യ ആശുപത്രികളിൽ കൂടുതൽ കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
2015-16 മുതൽ 2024-25 വരെ കേരളത്തിൽ ആകെ നടന്നത് 1,97,782 ഗർഭഛിദ്ര കേസുകളാണ്. അതിൽ 67,004 കേസുകൾ മാത്രമാണ് സർക്കാർ ആശുപത്രികളിൽ നടന്നത്. എന്നാൽ സ്വകാര്യ ആശുപത്രികളിലാകട്ടെ, 1,30,778 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. പൊതുജനാരോഗ്യ മേഖലയിലെ കാര്യക്ഷമതക്കുറവോ
അസൗകര്യങ്ങളുമാകാം ഗർഭഛിദ്രത്തിനായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നതിൽ വർധന ഉണ്ടാക്കിയത്. മെച്ചപ്പെട്ട സൗകര്യങ്ങളും സ്വകാര്യതയും സ്വകാര്യ സ്ഥാപനങ്ങൾ നൽകുന്നതിനാലാകാം ആളുകളെ കൂടുതൽ അവിടം തെരഞ്ഞെടുക്കുന്നത് എന്നാണ് കരുതുന്നത്.