Trending

കല്യാണി ഇനി വേദനിക്കുന്ന ഓർമ്മ : കുഞ്ഞിനെ പുഴയിൽ എറിഞ്ഞു കൊന്നത് അമ്മയോ?

 കൊച്ചി തിരുവാങ്കുളത്ത് കാണാതായ മൂന്നു വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. മൂഴിക്കുളം പാലത്തിനടുത്ത് പുഴയിൽ നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ ജീവനറ്റ ശരീരം കണ്ടെത്തിയത്. മൂന്നരമണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയെ പുഴയിൽ നിന്ന് കണ്ടെത്തിയത്.

പോലീസും ഫയർഫോഴ്സും സ്‌കൂബ ഡൈവർമാരും നാട്ടുകാരും ചേർന്ന് മൂഴിക്കുളം പാലത്തിന് സമീപമുള്ള പുഴയിൽ നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ ശരീരം പുഴയ്ക്ക് അടിയിലെ തടിയിൽ കുടുങ്ങിയ നിലയിലായിരുന്നു. പാലത്തിൽ നിന്നും എറിഞ്ഞ അതേ സ്ഥലത്ത് നിന്ന് തന്നെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കല്യാണിയുടെ മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്.

തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു മൂന്ന് വയസ്സുകാരി കല്യാണിയെ കാണാതായെന്ന വിവരം പുറത്ത് വരുന്നത്. ആലുവയിൽ വെച്ചാണ് കുട്ടിയെ കാണാതായതെന്നായിരുന്നു കുട്ടിയുടെ അമ്മയുടെ ആദ്യമൊഴി. തിരുവാണിയൂർ പഞ്ചായത്തിലെ മറ്റക്കുഴിയിലെ അംഗനവാടിയിൽ നിന്നും കുട്ടിയെ കൂട്ടിക്കൊണ്ടു വരുന്നതിനിടയിൽ ബസ്സിൽ വെച്ച് കുട്ടിയെ കാണാതാവുകയായിരുന്നു എന്നായിരുന്നു അമ്മയുടെ ആദ്യമൊഴി. ഇതിനിടയിൽ കുട്ടിയുമായി അമ്മ പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. പിന്നീടാണ് മൂഴിക്കുളം പാലത്തിൻ്റെ മുകളിൽ നിന്നും കുട്ടിയെ താഴെക്ക് ഇട്ടതായി അമ്മ പൊലീസിന് മൊഴി നൽകിയത്. കുട്ടിയുമായി അമ്മ മൂഴിക്കുളം പാലത്തിന് സമീപം എത്തിയതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചതോടെയാണ് പാലത്തിന് സമീപമുള്ള പുഴയിൽ തിരച്ചിൽ ആരംഭിച്ചത്. കുട്ടിയുടെ അമ്മയെ തിരികെ വീട്ടിൽ വിടുമ്പോൾ ഒപ്പം കുട്ടിയുണ്ടായിരുന്നില്ല എന്ന് ഓട്ടോറിക്ഷാ ഡ്രൈവർ പോലീസിനോട് വ്യക്തമാക്കിയിരുന്നു. കുറുമശ്ശേരി സ്റ്റാൻഡിൽ നിന്നും യുവതി മാത്രമാണ് തൻ്റെ ഓട്ടോയിൽ കയറിയതെന്നായിരുന്നു ഓട്ടോ ഡ്രൈവർ പോലീസിനോട് പറഞ്ഞത്.

ഇതിന് പിന്നാലെ പൊലീസും ഫയർഫോഴ്സും നാട്ടുകാരും പുഴയിൽ തിരിച്ചെത്തുകയായിരുന്നു. കനത്ത മഴയും വെളിച്ചക്കുറവും തിരച്ചിലിന് പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും നാട്ടുകാരുടെ സഹകരണത്തോടെ പൊലീസും ഫയർഫോഴ്സും കല്യാണിക്കായി തിരച്ചിൽ ഊർജിതമാക്കുകയായിരുന്നു. പിന്നീട് സ്‌കൂബ ടീമിനെ ഇവിടേയ്ക്ക് വരുത്തി തിരച്ചിൽ വ്യാപകമാക്കുകയായിരുന്നു. മൂന്നര മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിൽ പക്ഷെ കല്യാണിയുടെ ജീവനറ്റ ശരീരമാണ് രക്ഷാപ്രവർത്തകർക്ക് കണ്ടെത്താനായത്.


Post a Comment

Previous Post Next Post