ബാലുശ്ശേരി : ബാലുശ്ശേരി മുക്കിൽ താലൂക്ക് ആശുപത്രിയുടെ സമീപത്ത് തെരുവുനായ ശല്യം രൂക്ഷമായി. നായകൾ വാഹനങ്ങൾക്ക് പിന്നാലെ കുരച്ചുചാടുന്നത് അപകടങ്ങൾക്കും കാരണമാകുന്നു. കഴിഞ്ഞദിവസം അച്ഛനും മകളും സഞ്ചരിച്ച സ്കൂട്ടറിനു മുന്നിലേക്ക് നായകൾ ഓടിയടുത്തത് അപകടമുണ്ടാക്കി. സ്കൂട്ടർ മറിഞ്ഞ് രണ്ടുപേർക്കും നിസ്സാരപരിക്കേറ്റു .
നായകളെ പേടിച്ച് ബസ് സ്റ്റോപ്പിൽപ്പോലും നിൽക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്. ബാലുശ്ശേരിമുക്ക്, അറപ്പീടിക ഭാഗങ്ങളിലാണ് തെരുവുനായകൾ സംസ്ഥാന പാത കൈയടക്കുന്നത്.
ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെത്തുന്ന രോഗികൾക്കുപോലും രക്ഷയില്ലാത്ത സ്ഥിതിയുണ്ട്. രാത്രികാലങ്ങളിൽ ആശുപത്രിയുടെ പരിസരങ്ങളിലാണ് തെരുവുനായകൾ താവളമാക്കുന്നത്. ബാലുശ്ശേരിമുക്കിനടുത്ത് വട്ടോളി ബസാറിലാണ് ജില്ലാ എബിസി സെന്റർ പ്രവർത്തിക്കുന്നത്. സെന്ററിന്റെ പരിസര പ്രദേശങ്ങളിൽപ്പോലും തെരുവുനായകൾ പെരുകുകയാണ്.
