തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി. ഓരോ ജില്ലയിലും പൊലീസ് സംഘത്തെ നിയോഗിച്ചു. കൂട്ടു പ്രതി ജോബി ജോസഫിനായും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിന്റെ കൂടുതൽ സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്യും.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗിക പീഡനക്കേസിലെ പരാതിക്കാരിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ജാമ്യമില്ലാ വകുപ്പ് കൂടി ചുമത്തിയാണ് രാഹുൽ ഈശ്വറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അന്വേഷണത്തിൻ്റെ ഭാഗമായി രാഹുൽ ഈശ്വറിൻ്റെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു.
രാഹുൽ ഈശ്വറിന്റെ ലാപ്‌ടോപും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ലാപ്പ്ടോപ്പിൽ നിന്നാണ് വീഡിയോ അപ്‍ലോഡ് ചെയ്‌തതെന്നാണ് രാഹുൽ ഈശ്വറിൻ്റെ ആദ്യമൊഴി. പരിശോധനയിൽ മൊബൈലിലെ ഒരു ഫോൾഡറിൽ അപ്‍ലോഡ് ചെയ്ത വീഡിയോ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്നാണ് ഫോണും പൊലീസ് പിടിച്ചെടുത്തത്.
സൈബർ അധിക്ഷേപക്കേസിൽ രാഹുൽ ഈശ്വറിനെ കൂടാതെ, രഞ്ജിത പുളിക്കൻ, അഡ്വ. ദീപ ജോസഫ്, സന്ദീപ് വാര്യർ എന്നിവരെ കൂടി പ്രതി ചേർത്തിട്ടുണ്ട്. കേസില്‍ പത്തനംതിട്ട മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി രഞ്ജിത പുളിക്കന്‍ ഒന്നാം പ്രതിയാണ്. കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യരും രാഹുല്‍ ഈശ്വറും ഉള്‍പ്പടെ അഞ്ചു പ്രതികളാണ് ഉള്ളത്. ദീപ ജോസഫ് രണ്ടു പോസ്റ്റുകളിലൂടെ പരാതിക്കാരിയെ അപമാനിച്ചുവെന്ന് പൊലീസ് പറയുന്നു.
