Trending

സംഭൽ ശാഹി മസ്ജിദിനെതിരെ വിചാരണ കോടതിയിൽ നടക്കുന്ന കേസിൽ തൽസ്ഥിതി തുടരണമെന്ന് ഉത്തരവ് നീട്ടി സുപ്രീം കോടതി.

 ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സംഭല്‍ ശാഹി ജമാമസ്ജിദിനെതിരെ വിചാരണക്കോടതിയില്‍ നടക്കുന്ന കേസില്‍ തല്‍സ്ഥിതി തുടരണമെന്ന ഉത്തരവ് നീട്ടി സുപ്രിംകോടതി. സംഭല്‍ മസ്ജിദുമായി ബന്ധപ്പെട്ട കേസിന് 1991ലെ ആരാധനാലയ സംരക്ഷണ നിയമപ്രകാരമുള്ള തടസമില്ലെന്ന 2025 മേയ് 19ലെ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി നല്‍കിയ അപ്പീല്‍ പരിഗണിച്ചപ്പോഴാണ് സുപ്രിംകോടതി ഈ നിര്‍ദേശം നല്‍കിയത്. രാജ്യത്തെ ആരാധനാലയങ്ങള്‍ 1947 ആഗസ്റ്റ് 15ലെ തല്‍സ്ഥിതി തുടരണമെന്നാണ് 1991ലെ നിയമം പറയുന്നത്. പുരാതന ആരാധനാലയങ്ങളില്‍ മറ്റുള്ളവര്‍ അവകാശവാദം ഉന്നയിക്കാതിരിക്കാനാണ് ബാബരി മസ്ജിദിലെ അവകാശവാദത്തെ തുടര്‍ന്ന് നിയമം പാസാക്കിയത്.



സംഭല്‍ മസ്ജിദിനെതിരായ കേസ് ആരാധനാലയ സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന ഹൈക്കോടതി നിരീക്ഷണം തെറ്റാണെന്ന് മസ്ജിദ് കമ്മിറ്റിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹുസൈഫ അഹമദി വാദിച്ചിരുന്നു. എന്നാല്‍, ഹൈക്കോടതി വിധി ശരിയാണെന്ന് ഹിന്ദുത്വ പക്ഷത്തിന് വേണ്ടി ഹാജരായ അഡ്വ. വിഷ്ണു ശങ്കര്‍ ജെയ്ന്‍ വാദിച്ചു. ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ സംരക്ഷണത്തിലുള്ള സ്മാരകമായ സംഭല്‍ മസ്ജിദ് ആരാധനാലയ സംരക്ഷണ നിയമത്തിന് കീഴില്‍ വരില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ സംരക്ഷണത്തിലുള്ള സ്മാരകങ്ങള്‍ക്ക് ആരാധനാലയ സംരക്ഷണ നിയമം ബാധകമല്ലെന്ന് മുമ്പ് സുപ്രിംകോടതി ഉത്തരവിട്ടിട്ടുണ്ടെന്നും അയാള്‍ വാദിച്ചു. തുടര്‍ന്ന് ആ വിധിയുടെ പകര്‍പ്പ് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. പക്ഷേ, ആ വിധിയുടെ പകര്‍പ്പ് ഇന്നും ഹാജരാക്കിയില്ല. തുടര്‍ന്നാണ് കോടതി തല്‍സ്ഥിതി ഉത്തരവ് നീട്ടിയത്.

Post a Comment

Previous Post Next Post