കോഴിക്കോട്: യുവതിയെ പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് അയച്ചുനല്‍കുകയും ചെയ്ത കേസില്‍ കണ്ണൂര്‍ സ്വദേശിയെ അറസ്റ്റ് ചെയ്തു.
കക്കയങ്ങാട് സുജന നിവാസില്‍ സജീഷി(32)നെയാണ് കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കി സ്വദേശിനിയായ യുവതിയുമായി ഫേസ്ബുക്ക് വഴിയാണ് ഇയാള്‍ ബന്ധം സ്ഥാപിച്ചത്.
മലപ്പുറം പരപ്പനങ്ങാടിയിലെ സ്ഥാപനത്തില്‍ ജോലിചെയ്യുകയായിരുന്ന യുവതിയെ ഇയാള്‍ 2021 ഏപ്രിലില്‍ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തുകയും പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ ഹോട്ടലില്‍ എത്തിച്ച് പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് പൊലീസിന് ലഭിച്ച പരാതിയില്‍ പറയുന്നത്.യുവതിയുടെ നഗ്നദൃശ്യങ്ങള്‍ ഇയാള്‍ പകര്‍ത്തിയിരുന്നു. ഇത് സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി 2023ല്‍ വീണ്ടും പീഡിപ്പിച്ചു.
പെണ്‍കുട്ടിക്ക് വന്ന വിവാഹാലോചന ഈ നഗ്നദൃശ്യങ്ങള്‍ കാണിച്ച് മുടക്കിയതായും സമൂഹമാധ്യമങ്ങളിലൂടെ അവ സുഹൃത്തുക്കള്‍ക്ക് പ്രതി അയച്ചുനല്‍കിയെന്നും പരാതിയില്‍ പറയുന്നുണ്ട്. പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുവെച്ച് സജീഷിനെ കസബ എഎസ്‌ഐ സജേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷിജിത്ത്, ദീപു, സിവില്‍ പൊലീസ് ഓഫീസര്‍ ദിവ്യ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.