തൃശൂര്‍: നിവേദനം മടക്കുന്ന വീഡിയോയ്ക്ക് ന്യായീകരണവുമായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ഒരു പൊതുപ്രവര്‍ത്തകനായ തനിക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്നും കഴിയില്ല എന്നതിനെ കുറിച്ചും കൃത്യമായ ധാരണയുണ്ടെന്ന് സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു. ഇതിനെ ചിലര്‍ സ്വന്തം രാഷ്ട്രീയ അജണ്ടകള്‍ക്കായി ഉപയോഗിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'പാലിക്കാനാകാത്ത വാഗ്ദാനങ്ങള്‍ ഞാന്‍ നല്‍കാറില്ല. ജനങ്ങള്‍ക്ക് വ്യാജ പ്രതീക്ഷകള്‍ നല്‍കുന്നത് എന്റെ ശൈലി അല്ല. ഭവനനിര്‍മ്മാണം ഒരു സംസ്ഥാന വിഷയമാണ്. അതിനാല്‍ അത്തരം അഭ്യര്‍ത്ഥനകള്‍ ഒരാള്‍ക്ക് മാത്രം അനുവദിക്കാനോ തീരുമാനിക്കാനോ കഴിയില്ല. അതിന് സംസ്ഥാന സര്‍ക്കാര്‍ തന്നെ വിചാരിക്കണം. എന്റെ ശ്രമങ്ങള്‍ എല്ലായ്‌പ്പോഴും സിസ്റ്റത്തിനുള്ളില്‍ പ്രവര്‍ത്തിച്ച്, ജനങ്ങള്‍ക്ക് യഥാര്‍ത്ഥ നേട്ടങ്ങള്‍ എത്തിക്കാനാണ് കേന്ദ്രീകരിച്ചിരിക്കുന്നത്', സുരേഷ് ഗോപി പറഞ്ഞു.