ഇടുക്കി: മകന്റെ മർദ്ദനമേറ്റ് ചികിത്സയിലിരുന്ന അച്ഛൻ മരിച്ചു. ഇടുക്കി രാജാക്കാട് ആത്മാവ് സിറ്റി സ്വദേശി വെട്ടികുളം വീട്ടിൽ മധു (57) ആണ് മരിച്ചത്. സംഭവത്തിൽ മകൻ സുധിഷിനെ പോലിസ് അറസ്റ്റ് ചെയ്തു. ആഗസ്റ്റ് 14 നാണ് മകൻ സുധിഷ് മദ്യലഹരിയിലെത്തി അമ്മയെ മർദിച്ചത്. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് അച്ഛനെ മർദിച്ചത്. തുടർന്ന് തൊടുപുഴ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മധു ഇന്ന് രാവിലെയാണ് മരിച്ചത്. മദ്യപിച്ചെത്തി സ്വത്ത് എഴുതി കൊടുക്കണം എന്നാവശ്യപ്പെട്ടായിരുന്നു മർദ്ദനം.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മധു തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ബുധനാഴ്ച പുലർച്ചെ മരണത്തിനു കീഴടങ്ങുകയായിരുന്നു. ഉടുമ്പൻചോല പോലിസ് അറസ്റ്റ് ചെയ്‌ത സുധിഷ് നിലവിൽ റിമാൻഡിലാണ്. മധുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് നൽകും.