കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എംപിമാര്‍ക്ക് താല്‍പര്യമുണ്ടെന്ന സൂചന നല്‍കി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ. വടകര എംപി ഷാഫി പറമ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച ചോദ്യത്തിനായിരുന്നു മറുപടി. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഷാഫി പറമ്പിലിന് താല്‍പ്പര്യമുണ്ടെങ്കിലും പുയ്യാപ്ലയെ വിട്ടുകൊടുക്കാന്‍ വടകരക്കാര്‍ ഒരുക്കമല്ലെന്നായിരുന്നു സണ്ണി ജോസഫിന്റെ മറുപടി.
വിഷയത്തില്‍ ഷാഫി പറമ്പിലും വ്യക്തത വരുത്തി. നിങ്ങളോട് തമാശ പറഞ്ഞാലും തന്റെ ഉത്തരവാദിത്തം പ്രസിഡന്റ് കൃത്യമായി ഏല്‍പ്പിച്ചിട്ടുണ്ടെന്നും വടകരയില്‍ നിന്നും കൂടുതല്‍ യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭയിലേക്ക് എത്തണമെന്നാണ് താല്‍പര്യമെന്നും ഷാഫി പ്രതികരിച്ചു. കണ്ണ് നിറഞ്ഞിട്ടാണ് വടകരക്കാര്‍ ജയിച്ചു വരാന്‍ പറഞ്ഞത്. അവരോടുളള ഉത്തരവാദിത്തം നിറവേറ്റുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
വടകരയില്‍ നിന്നും കൂടുതല്‍ യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭയിലേക്ക് എത്തണമെന്നാണ് എന്റെ താല്‍പര്യം. ആ ഉത്തരവാദിത്തമാണ് പാര്‍ട്ടി ഏല്‍പ്പിച്ചത്. നിങ്ങളോട് തമാശ പറഞ്ഞാലും എന്റെ ഉത്തരവാദിത്തം പ്രസിഡന്റ് കൃത്യമായി ഏല്‍പ്പിച്ചിട്ടുണ്ട്. കോഴിക്കോടും കോണ്‍ഗ്രസിനെ വിജയിപ്പിക്കണം. അധ്യക്ഷന്റെ നേതൃത്വത്തില്‍ ആ ഉത്തരവാദിത്തം നടപ്പിലാക്കാന്‍ പരിശ്രമിക്കും. കേരളത്തില്‍ ഭരണമാറ്റം അനിവാര്യമാണ്. കേരളത്തിന്റെ നികുതിപ്പണമാണ് വെള്ളത്തില്‍ പോകുന്നത്', തോരായിക്കടവ് പാലം തകര്‍ന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഷാഫിയുടെ പ്രതികരണം