നാദാപുരത്ത് പിഞ്ചുകുഞ്ഞിന്റെ സ്വര്‍ണ്ണാഭരണം കവര്‍ന്ന തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍. പാലക്കാട് റെയില്‍വേ പുറമ്പോക്കിലെ താമസക്കാരി മഞ്ജു (32) നെ ആണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്. വടകരയില്‍ ബസ് യാത്രക്കാരിയുടെ മൂന്നര പവന്‍ കവരാന്‍ ശ്രമിക്കുന്നതിനിടെ സഹയാത്രക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നാദാപുരത്ത് മോഷണം നടത്തിയത് മഞ്ജുവാണെന്ന് കണ്ടെത്തിയിരുന്നു. പ്രതിയെ അടുത്ത ദിവസം തന്നെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് അറിയിച്ചു.
തിരക്കേറിയ ബസ്സുകള്‍ ബസ്സ് സ്റ്റാന്റുകള്‍ കേന്ദ്രീകരിച്ച് സ്വര്‍ണ്ണ മാലയും പണവും കവരുന്ന സംഘത്തിലെ കണ്ണിയാണ് പ്രതിയെന്നും പോലീസ് അറിയിച്ചു. വടകര പോലീസ് സ്റ്റേഷനില്‍ ഇവര്‍ക്കെതിരെ രണ്ട് കേസുകള്‍ ഉണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് കണ്ണൂര്‍ വനിത ജയിലിലേക്ക് അയക്കുകയായിരുന്നു.