Trending

കേരള സർക്കാറിനെതിരെ അർജന്റീന ഫുട്ബോൾ അസോസിയേഷൻ

 തിരുവനന്തപുരം: ലോക ചാമ്പ്യൻമാരായ അര്‍ജന്‍റീന ഫുട്ബോള്‍ ടീമിന്‍റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരിച്ച് അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍(എഎഫ്എ). അര്‍ജന്‍റീന ടീമിനെ കേരളത്തിലെത്തിക്കുന്നതില്‍ കരാര്‍ ലംഘനമുണ്ടായത് കേരള സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നാണെന്ന് എഎഫ്എ മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി ലിയാന്‍ഡ്രോ പീറ്റേഴ്സണ്‍ പറഞ്ഞു. ഒരു മാധ്യമപ്രവര്‍ത്തകന്‍ ലിയാന്‍ഡ്രോ പീറ്റേഴ്സനുമായി സ്പാനിഷ് ഭാഷയില്‍ ആശയവിനിമയം നടത്തിയതിന്‍റെ വിശദാംശങ്ങളാണ് പുറത്ത് വന്നത്.


130 കോടി രൂപ എഎഫ്എ കേരളത്തിലെ സ്പോണ്‍സറില്‍ നിന്ന് വാങ്ങിയെന്നും എന്നിട്ടും കേരളം സന്ദ‍ർശിക്കുന്നതില്‍ നിന്ന് പിന്‍മാറി അര്‍ജന്‍റീന ടീം കരാര്‍ ലംഘനം നടത്തിയല്ലോ എന്നുമുള്ള മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് അങ്ങനെയല്ല, അതൊരിക്കലും ശരിയല്ലെന്നാണ് ലിയാന്‍ഡ്രോ പീറ്റേഴ്സണ്‍ പ്രതികരിച്ചത്. കരാര്‍ ലംഘനം നടത്തിയത് കേരള സര്‍ക്കാരാണെന്നും പീറ്റേഴ്സണ്‍ പറഞ്ഞു. ഇതു സംബന്ധിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും പീറ്റേഴ്സണ്‍ മറുപടി നല്‍കിയില്ലെന്നും മാധ്യമപ്രവര്‍ത്തകനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നു.

നേരത്തെ കരാര്‍ ലംഘനം നടത്തിയത് എഎഫ്എ ആണെന്നും ടീമിനെ കേരളത്തിലെത്തിക്കാനായി എഎഫ്എ ആവശ്യപ്പെട്ട 130 കോടി രൂപ ജൂണ്‍ ആറിന് തന്നെ കൈമാറിയെന്നും കേരളത്തിലെ സ്പോണ്‍സര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. അര്‍ജന്‍റീന ടീമോ സൂപ്പര്‍ താരം ലിയോണല്‍ മെസിയോ ഇന്ത്യയില്‍ എവിടെ കളിക്കണമെങ്കിലും ഇനി തങ്ങളുടെ അനുമതിയോടെ മാത്രമെ കഴിയൂവെന്നും കരാറുണ്ടാക്കിയത് തങ്ങളുമായാണെന്നും സ്പോണ്‍സര്‍ പറഞ്ഞിരുന്നു.

Post a Comment

Previous Post Next Post