കോഴിക്കോട്: സ്വാതന്ത്ര്യത്തിന്റെ 78 –ാം ആഘോഷത്തിനായി നഗരം ഒരുങ്ങി. സ്വാതന്ത്ര്യദിന പരേഡിന്റെ മുന്നോടിയായി ഇന്നലെ വെസ്റ്റ്ഹിൽ വിക്രം മൈതാനത്ത് പൊലീസ്, എൻസിസി, എസ്പിസി തുടങ്ങി വിവിധ പ്ലറ്റൂണുകളുടെ അവസാനവട്ട പരേഡ് പരിശീലനം നടന്നു.
സിറ്റി – റൂറൽ ജില്ലകളിൽ നിന്നായി അയ്യായിരത്തോളം പേർ പരേഡിൽ പങ്കെടുക്കും. മൊത്തം 27 പ്ലറ്റൂണുകളാണ് പരേഡിൽ അണിചേരുന്നത്. പൊലീസ്, ഫോറസ്റ്റ്, എക്സൈസ് ഉദ്യോഗസ്ഥർ എൻസിസി, നേവി, എസ്പിസി കെഡറ്റുകൾ, സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നിവരും പരേഡിൽ പങ്കെടുക്കുന്നുണ്ട്.
രാവിലെ 8.40ന് പ്ലറ്റൂൺ ഗ്രൗണ്ടിൽ അണിനിരക്കും. 8.57ന് മന്ത്രി എ.കെ.ശശീന്ദ്രൻ പരേഡ് ഗ്രൗണ്ടിൽ എത്തും. 9 ന് ദേശീയപതാക ഉയർത്തും. തുടർന്നു വിദ്യാർഥികളെ ഉൾപ്പെടുത്തി 4 സാംസ്കാരിക പരിപാടികളും ദേശഭക്തിഗാനവും അരങ്ങേറും. ഒരു മണിക്കൂർ പരേഡ് ഗ്രൗണ്ടിൽ വിവിധ പരിപാടികൾ നടക്കും.