ഫറോക്ക്: പോലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട പ്രതി ഊർജിത അന്വേഷണത്തിനൊടുവിൽ പിടിയിൽ. ഗവ. മാപ്പിള യുപി സ്കൂളിനുസമീപം ഒളിച്ചിരുന്ന പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. ആംബുലൻസ് ഡ്രൈവർമാരുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് വ്യാഴാഴ്ച പുലർച്ചെ 2.45-ഓടെ പ്രതിയെ പിടികൂടിയത്. ഫറോക്ക് ഇൻസ്പെക്ടർ ടി.എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടിച്ചത്.
പ്രതി രക്ഷപ്പെട്ടതായി സംശയിക്കുന്ന സ്റ്റേഷനുപുറകിലെ വഴിയിലും ഗോഡൗണിലും രാത്രിവൈകിയും പോലീസ് തിരച്ചിൽ നടത്തിയിരുന്നു.രാത്രി പതിനൊന്നരയോടെ എആർ ക്യാമ്പിൽനിന്നെത്തിയ കൂടുതൽ പോലീസിനെ പരിശോധനയ്ക്കായി വിന്യസിച്ചിരുന്നു. അസമിൽനിന്ന് നാലുമാസം മുൻപ് വെൽഡിങ് ജോലിക്കായിട്ടാണ് പ്രസൻജിത്ത് എത്തിയത്.
അതുകൊണ്ടുതന്നെ പ്രദേശം പ്രതിക്ക് മുൻപരിചയമുണ്ടാകുമെന്ന ധാരണയും പോലീസിനുണ്ടായിരുന്നു. സ്റ്റേഷനുപുറകിലെ ചന്തക്കടവ് റോഡിലെ ഗോഡൗൺ, ഒഴിഞ്ഞപറമ്പുകൾ എന്നിവിടങ്ങളിലും തിരച്ചിൽ നടത്തി. വിലങ്ങുള്ളതിനാൽ അധികംദൂരം പോയിട്ടുണ്ടാവില്ലെന്ന നിഗമനത്തിലായിരുന്നു പോലീസ്. കെട്ടിടത്തിന്റെ അകത്ത് പിൻവശത്ത് നിന്ന് മുകളിലേക്ക് കയറാൻ വഴിയുണ്ട്. അതുവഴിയാണ് ഇയാൾ രക്ഷപ്പെട്ടതെന്നാണ് പോലീസ് പറഞ്ഞത്.