തൊട്ടിൽപാലം: പശുക്കടവിലെ വീട്ടമ്മ ബോബിയുടെ ദുരൂഹമരണത്തില്‍ പൊലീസിനെതിരെ വിമർശനവുമായി മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ.
സജിത്ത്. മരണം സംഭവിച്ചതിന് ശേഷം തെളിവുകള്‍ നശിപ്പിക്കാൻ ശ്രമം നടന്നതായി സംശയിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മേയാൻ വിട്ട പശുവിനെ തേടിയാണ് ബോബി കോങ്ങോട് മലയിലേക്ക് പോയത്. രാത്രി ഏറെ വൈകിയിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടർന്ന് മക്കള്‍ പോലീസിനെ വിവരമറിയിച്ചു.
പൊലീസും ഫയർഫോഴ്സും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലില്‍ പുലർച്ചെ ഒരു മണിയോടെ ബോബിയുടെയും വളർത്തു പശുവിന്റെയും മൃതദേഹങ്ങള്‍ കൊക്കോത്തോട്ടത്തില്‍ നിന്നും കണ്ടെത്തുകയായിരുന്നു. മൃതദേഹത്തില്‍ കാര്യമായ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. കൊക്കോമരത്തില്‍ ഫെൻസിങ് ഘടിപ്പിച്ചതിന്റെ ലക്ഷണങ്ങള്‍ ഉണ്ടെന്ന് പഞ്ചായത്ത് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനവും മരണം ഷോക്കേറ്റാണ് എന്ന് സ്ഥിരീകരിച്ചു. ബോബിയുടെ മരണം വൈദ്യുതക്കെണിയില്‍ നിന്നേറ്റ ഷോക്കുമൂലമാണെന്ന നിഗമനത്തിലാണ് ഇപ്പോള്‍ പൊലീസ്. ഇതേത്തുടർന്ന് നരഹത്യയ്ക്ക് കേസെടുക്കാൻ പൊലീസ് തീരുമാനിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 105, 106 വകുപ്പുകള്‍ കേസില്‍ ഉള്‍പ്പെടുത്താനാണ് ആലോചിക്കുന്നത്.
നിലവില്‍ അസ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൃഷി സംരക്ഷിക്കാൻ വേണ്ടിയല്ല ഈ വൈദ്യുതക്കെണി സ്ഥാപിച്ചതെന്നും മൃഗവേട്ടയാണ് ലക്ഷ്യമിട്ടതെന്നും പൊലീസ് സംശയിക്കുന്നു. ബോബിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ഥലത്ത് പൊലീസും ഡോഗ് സ്ക്വാഡും വിശദമായ പരിശോധന നടത്തി. സ്ഥലത്തിന്റെ ഉടമയായ ആലക്കല്‍ ജോസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് ഇപ്പോള്‍ തീരുമാനം. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് പഞ്ചായത്ത് അംഗങ്ങള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.