മലപ്പുറം: ഡല്‍ഹിയിലെ മുസ്‌ലിം ലീഗ് ആസ്ഥാന മന്ദിരം പണി പൂര്‍ത്തിയാക്കിയതുപോലെ വയനാട്ടിലെ ദുരന്തബാധിതര്‍ക്കായുളള വീടുകളുടെ നിര്‍മ്മാണവും പാര്‍ട്ടി പൂര്‍ത്തിയാക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. ഡല്‍ഹിയിലെ ഓഫീസ് പൂര്‍ത്തിയായതുപോലെയോ അതിനേക്കാള്‍ മനോഹരമായോ വയനാട്ടിലെ വീടുകളുടെ നിര്‍മ്മാണം പാര്‍ട്ടി പൂര്‍ത്തിയാക്കുമെന്നും മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടിയപ്പോള്‍ ജീവന്‍ ബാക്കിയായവര്‍ക്ക് പാണക്കാട് തങ്ങള്‍ നല്‍കിയ വാക്ക് പാലിക്കുമെന്നും പികെ ഫിറോസ് പറഞ്ഞു. സെപ്റ്റംബര്‍ ഒന്നാം തീയതി നിര്‍മ്മാണം ആരംഭിക്കുകയാണെന്നും ദുരന്തബാധിതര്‍ക്കായി ആദ്യ നിമിഷം മുതല്‍ നിലയുറപ്പിച്ച പ്രസ്ഥാനം അവരോടൊപ്പം ഇനിയുമുണ്ടാകുമെന്നും വിലങ്ങുതടിയാകാന്‍ വന്നവരോട് കേരളം പൊറുക്കില്ലെന്നും പികെ ഫിറോസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
രാജ്യതലസ്ഥാനത്ത് എത്തിച്ചേരുന്ന ഏതൊരാള്‍ക്കും എളുപ്പത്തില്‍ എത്താന്‍ കഴിയുന്ന മര്‍മ്മപ്രധാനമായ സ്ഥലത്താണ് മുസ്‌ലിം ലീഗ് ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്നതെന്നും ബേസ്‌മെന്റ് ഉള്‍പ്പെടെ ആറ് നിലകളുളള ഓഫീസില്‍ ദേശീയ ഭാരവാഹികള്‍ക്കുളള ഓഫീസ് റൂമുകള്‍, കോണ്‍ഫറന്‍സ് ഹാള്‍, ഡിജിറ്റല്‍ ഇന്ററാക്ഷന്‍ സംവിധാനമുളള ബോര്‍ഡ് റൂം, ലൈബ്രറി, ആര്‍ക്കൈവ്‌സ്, മീഡിയാ റൂം, പോഷക ഘടകങ്ങള്‍ക്കുളള ഓഫീസ് റൂമുകള്‍, ബെഡ്‌റൂമുകള്‍ അടക്കം എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും പികെ ഫിറോസ് വ്യക്തമാക്കി. പരിഹസിച്ചവരുടെയും രേഖകളില്ലാത്ത കെട്ടിടമാണെന്ന് പറഞ്ഞ അല്‍പ്പന്‍മാരുടെയും മുന്നില്‍ ഡല്‍ഹിയിലെ മുസ്‌ലിം ലീഗിന്റെ ആസ്ഥാനമന്ദിരമെന്നും പികെ ഫിറോസ് കൂട്ടിച്ചേര്‍ത്തു.