തൃശൂരിൽ ലുലുമാൾ നിർമിക്കുന്നതിനായി ലുലുഗ്രൂപ്പ് വാങ്ങിയ ഭൂമി തരംമാറ്റിയ ആർഡിഒയുടെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. ഭൂമി തരംമാറ്റാനുള്ള ലുലു ഗ്രൂപ്പിന്റെ അപേക്ഷ വീണ്ടും പരിഗണിക്കാനും ഹൈക്കോടതി നിർദേശം നൽകി. നാലുമാസത്തിനകം വിഷയത്തിൽ തീരുമാനമെടുക്കാൻ ആർഡിഒയ്ക്ക് ഹൈക്കോടതി നിർദേശം നൽകുകയും ചെയ്തു. ഇക്കാര്യത്തിൽ കൃഷി ഓഫിസറുടെ റിപോർട്ട് പരിഗണിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
3000 പേർക്ക് തൊഴിൽ നൽകാനാവുന്ന തൃശൂരിലെ ലുലു മാൾ പൂർത്തായാവാത്തതിനു പിന്നിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ ഇടപെടലാണെന്ന ലുലുഗ്രൂപ്പ് ചെയർമാൻ എം എ യൂസുഫലിയുടെ വെളിപ്പെടുത്തൽ കഴിഞ്ഞദിവസം ഉണ്ടായതോടെയാണ് വിഷയം വാർത്തയാവുന്നത്. ഇതിനു പിന്നാലെ ലുലു മാൾ ഏറ്റെടുത്ത ഭൂമി തരംമാറ്റിയതിനെതിരായ നിയമനടപടിക്കു പിന്നിൽ സിപിഐ വരന്തരപ്പിള്ളി മുൻ ലോക്കൽ സെക്രട്ടറി ടി എൻ മുകുന്ദനാണെന്ന് വ്യക്തമായിരുന്നു.
നെൽവയൽ ഭൂമി തരംമാറ്റിയതിനെതിരേ ഇന്ത്യൻ പൗരനെന്ന നിലയിലാണ് താൻ ജില്ലാ കലക്ടർക്ക് പരാതി നൽകിയതെന്നു മുകുന്ദൻ പറഞ്ഞിരുന്നു. എന്നാൽ കലക്ടർ പരാതി പരിഗണിക്കുന്നതിനെതിരേ ലുലു ഗ്രൂപ്പ് കോടതിയെ സമീപിക്കുകയും താനതിൽ കക്ഷി ചേരുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമ്പന്നനും സാധാരണക്കാരനും ഒരേ നീതി വേണം എന്ന് കരുതിയാണ് കേസ് നടത്തുന്നതെന്നും ഹൈക്കോടതിയിൽ വാദം പൂർത്തിയായി വിധി പറയാനായി വച്ചിരിക്കുകയാണ് കേസ് എന്നും മുകുന്ദൻ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.