Trending

മാവേലിക്കസ് 2025 ഓണാഘോഷത്തെ വരവേൽക്കാൻ ഒരുങ്ങി കോഴിക്കോട്. പ്രവേശനം സൗജന്യം

 'മാവേലിക്കസ് 2025' ന്  (സെപ്റ്റംബർ ഒന്ന്) ഔദ്യോഗിക തുടക്കമാവും. വൈകുന്നേരം ആറ് മണിക്ക് കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്‌ക്വയറിൽ വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പരിപാടി ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ഇതുവരെ കാണാത്ത കാഴ്ച അനുഭവങ്ങളുമായാണ് മാവേലിക്കസ് 2025 എത്തുന്നത്. സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജിന്റെയും നേതൃത്വത്തിൽ സെപ്റ്റംബർ ഏഴ് വരെയാണ് ഓണം വാരാഘോഷത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ 'മാവേലിക്കസ് 2025' സംഘടിപ്പിക്കുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ഒമ്പത് വേദികളിലായി നടക്കുന്ന പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.


ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിക്കും. വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, മേയർ ഡോ. ബീന ഫിലിപ്പ്, എംപിമാർ, എംഎൽഎമാർ എന്നിവർ പങ്കെടുക്കും.

കോഴിക്കോട് ബീച്ച്, ലുലു മാള്‍, ബട്ട് റോഡ് ബീച്ച്, തളി, കുറ്റിച്ചിറ, മാനാഞ്ചിറ, ടൗണ്‍ഹാള്‍, ബേപ്പൂര്‍, സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജ് എന്നിവയാണ് വേദികൾ. കേരളത്തിനകത്തും പുറത്തും നിന്നുമായി 50-ഓളം കലാകാരര്‍ ഇവിടെ വിവിധ പരിപാടികള്‍ അവതരിപ്പിക്കും. കോഴിക്കോട് ബീച്ച്, ബേപ്പൂര്‍ ബീച്ച്, സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജ്, ലുലു മാള്‍ പാര്‍ക്കിംഗ് സ്ഥലം എന്നിവയാണ് പ്രധാനവേദികൾ. 

ഉദ്ഘാടന ചടങ്ങിന് ശേഷം ബീച്ചില്‍ രാജസ്ഥാനി നാടോടി ബാന്‍ഡായ മംഗാനിയാര്‍ സെഡഷന്‍ പരിപാടി അരങ്ങേറും. ബേപ്പൂരിൽ ജോബ് കുര്യൻ, ലുലു മാളിൽ ഡാബ്സി, ശക്തി ശ്രീ ഗോപാലൻ എന്നിവരുടെ പരിപാടിയും സർഗാലയിൽ രാജലക്ഷ്മി സുദീപ് നയിക്കുന്ന സംഗീത പരിപാടിയും നടക്കും. 

ഓണാഘോഷത്തിന്റെ ഭാഗമായി പ്രദര്‍ശന-വിപണന മേള, മലബാറിന്റെ വിഭവങ്ങള്‍ക്കൊപ്പം മറ്റു നാടുകളിലെ ഭക്ഷണരീതികൾ പരിചയപ്പെടുത്തുന്ന ഫുഡ് ഫെസ്റ്റിവല്‍, എംടി യെ ആദരിക്കുന്നതിനായി പുസ്തകമേള, ബേപ്പൂരിൽ ഫ്ലവർ ഷോ തുടങ്ങിയവ കൂടാതെ ലുലു മാളിൽ ട്രേഡ് ഫെയറും നടക്കും.

Post a Comment

Previous Post Next Post