മലപ്പുറം: തട്ടത്തലം ഹൈസ്കൂൾ പടിക്ക് സമീപം മേലേപ്പുറത്ത് കാർ യാത്രക്കാരെ ആക്രമിച്ചു പണം തട്ടിയ സംഭവത്തിൽ പ്രതികളെ കണ്ടെത്താനായില്ല. വ്യാഴാഴ്ച രാത്രിയാണ് കാർ യാത്രക്കാരെ ആക്രമിച്ച് നാലംഗ സംഘം 1.92 കോടി രൂപ കവർന്നത്. തെന്നല അറക്കൽ സ്വദേശി കളായ പറമ്പിൽ മുഹമ്മദ് ഹനീഫ, ബന്ധു മുഹമ്മദ് അഷ്റഫ് എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത് .കൊടിഞ്ഞി ചെറുപ്പാറയിലെ വ്യക്തിയിൽനിന്നു പണം വാങ്ങി മറ്റൊരാൾക്കു നൽകാനായി കൊണ്ടുപോകുകയായിരുന്നെന്നാണ് പണം നഷ്ടപ്പെട്ടവർ പറയുന്നത്. ഇരുവരും കാറിലും മറ്റൊരു ബന്ധു പിറകിൽ മറ്റൊരു കാറിലുമാണ് വന്നിരുന്നത്.ഹൈസ്‌കൂൾ പടിയിക്കടുത്ത മേലേപ്പുറത്ത് ഇറക്കത്തിൽ വച്ചാണ് ഇവർക്കുനേരെ ആക്രമണം ഉണ്ടായത്. വെളളിയാംപുറം ഭാഗത്ത് നിന്നു വന്ന നീല കാർ, ഇവരുടെ കാറിനു മുൻപിൽ നിർത്തിയിട്ട് അതിൽ നിന്നിറങ്ങി വന്ന 4 പേരും ചേർന്ന് കാർ ആക്രമിക്കുകയായിരുന്നു. ഹോക്കിസ്റ്റിക്, ഇരുമ്പ് വടി തുടങ്ങിയവയുമായി ആയിരുന്നു ആക്രമണം. കാറിൻ്റെ ഗ്ലാസ് തകർത്ത ശേഷം പണം സൂക്ഷിച്ച ബാഗുമായി സംഘം കടന്നു.
മുഖം മറച്ചാണ് 4 പേരും എത്തിയിരുന്നത്. ബാഗിൽ ഹനീഫയുടെ മൊബൈൽ ഫോണും ഉണ്ടായിരുന്നു.അക്രമികൾ ഹനീഫയുടെ കാറിൻ്റെ ചാവിയും ഊരിയെടുത്തിരുന്നു.
ആസൂത്രിതമായാണ് പണം കവർന്നത്. ഇവരുടെ വാഹനം എത്തുന്നതു വരെ പണം കവർച്ച നടത്തിയവർ മേലേപ്പുറത്ത് കാത്തു നിൽക്കുകയായിരുന്നു എന്നാണ് സൂചന.
പണം നൽകിയ ആൾക്കും പണംകൊണ്ടു പോകുന്നവർക്കും പണം എത്തിച്ചു കൊടുക്കാനുള്ളയാൾക്കും മാത്രമാണ് പണമി ടപാട് അറിയുക. ഇവരിൽ ആരെങ്കിലും മുഖേന അറിഞ്ഞവരാണു കവർച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ അനുമാനം. മൊബൈൽ ഫോൺ, സിസിടിവി തുടങ്ങിയവയൊക്കെ പരിശോധിക്കുന്നുണ്ട്. താനൂർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.