മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ അന്തരിച്ചു. ഏറെ നാളായി അസുഖം മൂർച്ഛിച്ച് തിരുവനന്തപുരത്ത് എസ്‌യുടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇതിഹാസമാനമായ രാഷ്ട്രീയ ജീവിതമായിരുന്നു വിഎസ്സിന്റേത്. പാർട്ടിയിലും പുറത്തും വിഎസ് നയിച്ചത് അതുല്യമായ വിപ്ലവജീവിതമായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളുടെ പിടിയിലായതിനെ തുടർന്ന് കുറച്ച് വർഷങ്ങളായി വിഎസ് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. 2019 വരെ ജനകീയ പ്രശ്നങ്ങളിൽ അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു. പിന്നീടാണ് അസുഖബാധിതനാവുകയും വിശ്രമജീവിതത്തിലേക്ക് പോകുകയും ചെയ്തത്.
അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ജൂൺ 23ന് അദ്ദേഹത്തെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടയ്ക്ക് നേരിയ മാറ്റമുണ്ടായെന്ന് റിപ്പോർട്ടുകൾ വന്നുവെങ്കിലും പൊതുവെ അസുഖനിലയിൽ പുരോഗതിയുണ്ടായില്ല.
ഭാര്യ വസുമതിയും മക്കളായ വി.എ. അരുണ്‍കുമാറും വി.വി. ആശയും മരണസമയത്ത് അടുത്തുണ്ടായിരുന്നു. 1923ൽ ആലപ്പുഴയിലെ പുന്നപ്രയിലാണ് വിഎസ് ജനിച്ചത്. പുന്നപ്ര വയലാർ സമരനായകനും സ്വാതന്ത്ര്യസമര പോരാളിയുമായ വിഎസ് പാർട്ടിക്കകത്തും പുറത്തും തിരുത്തൽ ശക്തിയായി നിലകൊണ്ടു. അഴിമതിക്കാർക്കെതിരെ അതിശക്തമായ പോരാട്ടങ്ങളാണ് വിഎസ് നടത്തിവന്നത്. നേരിട്ടുള്ള വ്യവഹാരങ്ങളിലൂടെയും അഴിമതിയെ നേരിടാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ പാർട്ടിയിലും വേറിട്ട സമീപനമായിരുന്നു