Trending

ഏഷ്യയിലെ ഏറ്റവും വലിയ കയാക്കിങ് ചാമ്പ്യൻഷിപ്പിന് സമാപനം

 മുക്കം : കയാക്കിങ് മേഖലയിൽ ലോകശ്രദ്ധ നേടുന്ന ടൂറിസം ഇവന്റായി മലബാർ റിവർ ഫെസ്റ്റിവൽ മാറിയതായി പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പതിനൊന്നാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ സമാപന സമ്മേളന ഉദ്ഘാടനവും മത്സര വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിക്കുകയായിരുന്നു മന്ത്രി. വൈറ്റ് വാട്ടർ കയാക്കിങ്ങിന്റെ പ്രധാന വേദികളിലൊന്നായി മലബാർ റിവർ ഫെസ്റ്റിവൽ ഉയർത്തപ്പെട്ടു എന്നതാണ് ഇത്തവണത്തെ സവിശേഷത. ലോകത്തെ ഏറ്റവും വലിയ അഞ്ച് കയാക്കിങ് ഫെസ്റ്റിവലുകളിൽ ഒന്നായി മലബാർ റിവർ ഫെസ്റ്റിവൽ മാറിയതായും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ടൂറിസം മേഖല കാലത്തിനനുസരിച്ചുള്ള സാധ്യതകൾ ഉപയോഗപ്പെടുത്തി മുന്നോട്ട് പോവുന്നതിനുള്ള കൂട്ടായ ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി ടൂറിസം മേഖലയിൽ ലോകത്തിന് സ്വീകരിക്കാനാവുന്ന പുതിയ ട്രെൻഡുകൾ കേരളത്തിൽ വളർത്തിക്കൊണ്ടുവരികയാണ്. സാഹസികതയും ആവേശവും നിറഞ്ഞ അനുഭവങ്ങളാണ് മലബാർ റിവർ ഫെസ്റ്റിവലിലൂടെ ലഭിക്കുന്നത്. മഴക്കാലത്ത് അഭ്യന്തര, വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒന്നായി റിവർ ഫെസ്റ്റിവലിനെ മാറ്റണമെന്നും മന്ത്രി പറഞ്ഞു.


കേരള ടൂറിസം വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ത്രിതല പഞ്ചായത്തുകൾ എന്നിവ ഇന്ത്യൻ കയാക്കിങ് ആൻഡ് കനോയിങ് അസോസിയേഷന്റെ സാങ്കേതിക സഹായത്തോടെയാണ്  

അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് മത്സരമായ മലബാർ റിവർ ഫെസ്‌റ്റിവൽ 11-ാമത് എഡിഷൻ ഒരുക്കിയത്. ഇരിവഴിഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലുമായിരുന്നു മത്സരം. ഇലന്ത് കടവിൽ നടന്ന ചടങ്ങിൽ ലിന്റോ ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ടൂറിസം വകുപ്പ് ഡയറക്ടർ ശിഖ സുരേന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ  ബിന്ദു ജോൺസൻ, അലക്സ് തോമസ്, ജില്ലാ പഞ്ചായത്ത് അംഗം ജോസ് ജേക്കബ്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹ്മാൻ, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടർ ഡി ഗിരീഷ് കുമാർ, അഡ്വഞ്ചര്‍ ടൂറിസം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബിനു കുര്യാക്കോസ്, പഞ്ചായത്ത് അംഗങ്ങൾ, ഇന്ത്യൻ കയാക്കിങ് ആൻഡ് കനോയിങ് അസോസിയേഷൻ പ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. തുടർന്ന് മർസി മ്യൂസിക് ബാൻഡിന്റെ കലാപരിപാടികൾ അരങ്ങേറി.

Post a Comment

Previous Post Next Post