നിമിഷ പ്രിയയുടെ മോചനത്തിനായി കാന്തപുരം എപി അബൂബക്കർ മുസ്ല്യാരുടെ ഇടപെടലിൽ അടിയന്തര യോഗം യമനിൽ പുരോഗമിക്കുന്നു. കാന്തപുരത്തിൻ്റെ അഭ്യർത്ഥനയെ തുടർന്ന് യമനിലെ പ്രമുഖ മത പണ്ഡിതൻ ഹബീബ് ഉമറിൻ്റെ പ്രതിനിധിയുടെ നേതൃത്വത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. നോർത്ത് യമനിൽ നടക്കുന്ന ചർച്ചയിൽ ഹബീബ് ഉമറിൻ്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്മാൻ അലി മഷ്ഹൂർ, യമൻ ഭരണകൂട പ്രതിനിധികൾ, ജിനായത് കോടതി സുപ്രീം ജഡ്ജ്, തലാലിൻ്റെ സഹോദരൻ, ഗോത്ര തലവന്മാർ പങ്കെടുക്കുന്നത്.
ദിയാ ദനത്തിന് പകരമായി കുടുംബം മാപ്പ് നൽകി ശിക്ഷയിൽ നിന്ന് ഒഴിവാക്കുകയും മോചനം നൽകുകയും വേണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരുടെ കുടുംബം പരിഗണിക്കുന്നതായാണ് ലഭിക്കുന്ന വിവരം.
നിമിഷ പ്രിയയുടെ മോചന വിഷയം കേന്ദ്രസർക്കാർ കൈയൊഴിഞ്ഞിരുന്നു. വധശിക്ഷ ഒഴിവാക്കാൻ ഇനിയും ഒന്നും ചെയ്യാനാകില്ലെന്നും പരിമിതിയുണ്ടെന്നും കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചു. ദയാധനം സ്വീകരിക്കുന്നതിൽ ഇടപെടാൻ പരിമിതിയുണ്ടെന്നും കേന്ദ്രം പറഞ്ഞു. അതേസമയം, വധശിക്ഷ നടപ്പായാൽ സങ്കടകരമെന്നും നല്ലത് സംഭവിക്കട്ടെയെന്നും സുപ്രീംകോടതി പറഞ്ഞു. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ കത്തയച്ചിരുന്നു. മോചനത്തിനായി അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് കത്തിൽ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലും മാർച്ചിലും ഈ വിഷയത്തിൽ വിദേശകാര്യ വകുപ്പ് മന്ത്രി ജയശങ്കറിനും മുഖ്യമന്ത്രി കത്തയച്ചിരുന്നു. നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടുന്ന സന്നദ്ധപ്രവർത്തകർക്ക് സംസ്ഥാന സർക്കാരിൻ്റെ എല്ലാ പിന്തുണയും ഉറപ്പുനൽകുന്നതായി മുഖ്യമന്ത്രി പറഞ്ഞു.