പാറശ്ശാല: വയറുവേദനയുമായി എത്തിയ യുവതിയുടെ വയറ്റില്‍ കണ്ടെത്തിയത് പന്തുപോലെ കൂടിപ്പിണഞ്ഞുകിടക്കുന്ന 41 റബ്ബര്‍ബാന്‍ഡുകള്‍. വയറുവേദനയെത്തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സതേടിയെങ്കിലും മാറ്റമുണ്ടാകാത്തതിനാലാണ് നാലുദിവസം മുമ്പ് 40കാരി പാറശ്ശാല സരസ്വതി ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയത്. ചെറുകുടലിലെ തടസ്സമാണ് വയറുവേദനയ്ക്ക് കാരണമെന്ന് സ്‌കാനിങ്ങില്‍ കണ്ടെത്തി.
തുടര്‍ന്ന് രോഗിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കി. ചെറുകുടലിനുള്ളില്‍ കാണപ്പെട്ട മുഴ തുറന്നുനോക്കിയപ്പോഴാണ് റബ്ബര്‍ബാന്‍ഡുകള്‍ ഒന്നിനോടൊന്ന് ചേര്‍ന്ന് പന്തുപോലെ രൂപപ്പെട്ടത് കണ്ടെത്തിയത്. 41 റബ്ബര്‍ബാന്‍ഡുകളാണ് നീക്കിയത്. സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ഇവര്‍ക്ക് റബ്ബര്‍ബാന്‍ഡ് വായിലിട്ട് ചവയ്ക്കുന്ന ശീലം ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു