പൂനൂർ: നൂറുകണക്കിന് വിദ്യാർത്ഥികളും പൊതുജനങ്ങളും ആശ്രയിക്കുന്ന വള്ളിയോത്ത് പരപ്പിൽ എളേറ്റിൽ എംഎൽഎ റോഡ് ഗതാഗത യോഗ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് ഉണ്ണികുളം പഞ്ചായത്ത് മുസ്‌ലിം ലീഗ് ലീഡേഴ്സ് ക്യാമ്പ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പി.വി മുഹമ്മദ് എംഎൽഎയായപ്പോൾ യാഥാർത്ഥ്യമാക്കിയ പ്രസ്തുത റോഡ് കാലങ്ങളായി അറ്റകുറ്റപ്പണികൾ നടക്കാതെ പലയിടങ്ങളിലും പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന അവസ്ഥയിലാണ്. ഇത് പൊതുജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾക്ക് ലീഡേഴ്സ് ക്യാമ്പ് അന്തിമ രൂപം നൽകി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.എ. റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ.ഉസ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. അബൂട്ടി മാസ്റ്റർ ശിവപുരം, പി.കെ. ഷറഫുദ്ദീൻ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. നാസർ എസ്റ്റേറ്റ് മുക്ക്, സി.പി. ബഷീർ, സി.കെ. ബദറുദ്ദീൻ ഹാജി, പി.എച്ച്.ഷമീർ, വാഴയിൽ ലത്തീഫ് ഹാജി, കെ. കെ.മുനീർ, പി.കെ.കാദർ മാസ്റ്റർ, എം.പി.അഷ്റഫലി, ഹനീഫ ഇയ്യാട്, കെ.കെ അബ്ദുല്ല മാസ്റ്റർ, അബ്ദുൽ ഹഖ് മാസ്റ്റർ, ഇസ്മായിൽ വള്ളിയോത്ത്, കെ.പി.സക്കീന, ആരിഫ് വീര്യമ്പ്രം, ഷെദിൻ വള്ളിയോത്ത് സംസാരിച്ചു. ജന.സെക്രട്ടറി അസ്ലം കുന്നുമ്മൽ സ്വാഗതവും പി. പി.ലത്തീഫ് നന്ദിയും പറഞ്ഞു.