കൂരാച്ചുണ്ട്: വളർന്നുവരുന്ന കുഞ്ഞുങ്ങളിൽ സ്നേഹത്തിൻ്റെയും സേവനസന്നദ്ധതയുടെയും വിത്തുകൾ പാകി മൂല്യബോധമുള്ള ഒരു പുതുതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ഫാ. ഡേവിസ് ചിറമേൽ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ മദർ തെരേസ സേവന അവാർഡിന് കല്ലാനോട് സെൻ്റ് മേരീസ് ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി അൻവിത അജി അർഹയായി.
ഒറ്റയ്ക്ക് കഴിയുന്ന വൃദ്ധജനങ്ങളെ സന്ദർശിക്കൽ, അനാഥാലയ സന്ദർശനം, കോളനി സന്ദർശനം, ബഡ്‌സ് സ്കൂൾ സന്ദർശനം, പാലിയേറ്റീവ് കെയർ യൂണിറ്റിനോട് ചേർന്നുള്ള പ്രവർത്തനം, സഹപാഠിക്ക് ഒരു കൈത്താങ്ങ്, പൊതിച്ചോറ് വിതരണം, തൊഴിലുറപ്പുകാരോടൊപ്പമുള്ള സീഡ് ബോൾ നിർമ്മാണം, സീഡ് പെൺ നിർമ്മാണം, വിരമിച്ച അധ്യാപകരെ ആദരിക്കൽ, പ്ലാസ്റ്റിക് നിർമ്മാർജ്ജന പ്രവർത്തനങ്ങൾ, പച്ചക്കറിത്തോട്ടം പരിപാലിക്കൽ, പരിസ്ഥിതി പ്രവർത്തനങ്ങൾ, സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിലെ പങ്കാളിത്തം തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തുകൊണ്ട് സംസ്ഥാനത്തെ ഹൈ സ്കൂൾ വിദ്യാർത്ഥികളിൽ ഏറ്റവും കൂടുതൽ പോയിൻറ് നേടിയാണ് അൻവിത ഒരു ലക്ഷം രൂപ അവാർഡിന് അർഹമായത്.
എറണാകുളം കൂനംമാവ് സെൻ്റ് ജോസഫ്സ് യു പി സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങ് മുൻ സുപ്രീം കോടതി ജഡ്ജി, ജസ്റ്റിസ് കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്തു. തിരുവനതപുരം റൂറൽ എസ് പി ശ്രീ. കെ എസ് സുദർശൻ ഐ പി എസ്, ബി ആർ ഡി അസി ശ്രീ. വില്യം വർഗീസ് എന്നിവർ പങ്കെടുത്തു. ചെയ്തു. അൻവിതയ്ക്ക് മദർ തെരേസയുടെ കൽക്കത്തയിലുള്ള ആശ്രമത്തിലേക്ക് കുടുംബസമേതം യാത്ര പോകാനുള്ള അവസരവും ലഭിക്കും.
സെൻ്റ് മേരീസ് ഹൈ സ്കൂളിലെ അലക്സി റോസ് ജിനേഷ്, വൈഗ ജയൻ, റെൽസ് റിനൂ പി, എഡ്വിൻ ജോസഫ് തോമസ് തുടങ്ങിയ വിദ്യാർത്ഥികൾ ഹൈസ്കൂൾ തലത്തിലും ആൻലിയ സിജു, അലൻ സിജു, എസ്തർ അന്ന തോമസ്, വേദ സോണി.എന്നിവർ യുപി തലത്തിലും 5000 രൂപയുടെ ക്യാഷ് അവർക്ക് അർഹരായി.