ന്യൂഡൽഹി ഓപ്പറേഷൻ സിന്ദൂർ 100 ശതമാനം വിജയമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വർഷകാല സമ്മേളനത്തിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ സാമ്പത്തിക രംഗത്ത് വലിയ നേട്ടം കെെവരിച്ചെന്നും മോദി കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് തിരിച്ചെത്തിയ ശുഭാംശു ശുക്ലയെ അഭിനന്ദിക്കുകയും ചെയ്തു.
'ഭാരതത്തിന്റെ സെെനിക ശക്തി ലോകം ഓപ്പറേഷൻ സിന്ദൂറിലൂടെ അറിഞ്ഞു. സെെന്യം ഓപ്പറേഷൻ സിന്ദൂറിൽ 100 ശതമാനം ലക്ഷ്യം കണ്ടു. ഭീകര കേന്ദ്രങ്ങൾ മിനിട്ടുകൾക്കുള്ളിൽ ആക്രമിച്ചു തകർത്തു. ഈ സമ്മേളനം വിജയത്തിന്റെ ഉത്സവമാണ്. ആദ്യമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഇന്ത്യൻ പതാക ഉയർന്നു. ഇത് അഭിമാനകരമാണ്. വിലക്കയറ്റവും നാണ്യപ്പെരുപ്പവും നിയന്ത്രിക്കാനായി. ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകാനുള്ള അതിവേഗ യാത്രയിലാണ് രാജ്യം. ഇന്ത്യയിൽ നിർമിക്കുന്ന ആയുധങ്ങളുടെ എണ്ണം വർദ്ധിപ്പിക്കും. നക്സലെറ്റുകളെ ഉന്മൂലനം ചെയ്യും'- മോദി വ്യക്തമാക്കി.ബീഹാർ വോട്ടർ പട്ടിക പരിഷ്‌കരണം അടക്കമുള്ള വിഷയങ്ങൾ ചർച്ചയാകുമെന്ന് കരുതുന്ന സമ്മേളനത്തിൽ 12 പ്രധാന ബില്ലുകളും പരിഗണിക്കും. ആഗസ്റ്റ് 21വരെയാണ് സമ്മേളനം. ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇടപെട്ടോയെന്നതിൽ വിശദീകരണം ആവശ്യപ്പെടുമെന്ന് പ്രതിപക്ഷ നേതാക്കൾ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്‌താവന നടത്തണമെന്ന നിലപാടിലാണ് പ്രതിപക്ഷം. ബീഹാർ വോട്ടർ പട്ടിക പരിഷ്‌കരണത്തിനെതിരെ പ്രതിഷേധവും പ്രതിഫലിക്കും.