ചൈനയിലെ യുനാൻ പ്രവിശ്യയിൽ വവ്വാലുകളിൽ നിന്ന് പുതിയ തരം 20 വൈറസുകള്‍ ശാസ്ത്രജ്ഞർ കണ്ടെത്തി. വൈറസുകളിൽ ചിലതിന് ഹെൻഡ്ര, നിപ എന്നീ വൈറസുകളുമായി സാമ്യമുള്ളതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മുൻകാലങ്ങളിൽ മൃഗങ്ങളിലും മനുഷ്യരിലും ഒരുപോലെ ഈ വൈറസുകൾ പകർച്ചവ്യാധികൾ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് ശാസ്ത്ര ലോകത്തിന്റെ കണ്ടെത്തൽ.
2017നും 2022നും ഇടയിൽ ചൈനയിലെ യുവാൻ പ്രവിശ്യയിൽ നിന്ന് 142 വവ്വാലുകളുടെ വൃക്കയിലെ ടിഷ്യു ശേഖരിച്ചാണ് പഠനങ്ങൾ നടത്തിയത്. ഗവേഷണത്തിലൂടെ അറിയപ്പെടാത്ത വൈറസുകളെയും, ബാക്ടീരിയകളെയും കണ്ടെത്താൻ കഴിഞ്ഞെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി. യുനാൻ ഗ്രാമത്തിലുണ്ടായിരുന്ന പഴത്തോട്ടത്തിൽ താമസമാക്കിയ വവ്വാലുകളെയായിരുന്നു ഗവേഷണത്തിന് ഉപയോഗിച്ചത്. വൈറസ് ബാധയുള്ള ഏതെങ്കിലും വവ്വാലുകളുമായി സമ്പർക്കത്തിലൂടെയോ, അവയുടെ സ്രവമോ, വിസർജ്യമോ പറ്റിയിട്ടുള്ള പഴങ്ങൾ കഴിക്കുന്നതിലൂടെയോ അസുഖം മനുഷ്യരിലേക്ക് പടരാമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
വൃക്കയിൽ നിന്ന് ടിഷ്യു എടുത്തത് എന്തിന്?വവ്വാലുകളുടെ വൃക്കകൾ ജീവശാസ്ത്രപരമായി ഒരുപാട് പഠനങ്ങൾക്ക് വിധേയമായ അവയവമല്ല. മുൻപ്, വവ്വാലുകളെക്കുറിച്ചുള്ള പഠനത്തിന് ഏറ്റവുമധികം ഉപയോഗിച്ചിരുന്നത് വിസർജ്യമായിരുന്നു. എന്നാൽ പിന്നീട്, വവ്വാലുകൾ മനുഷ്യർക്കും, മൃഗങ്ങൾക്കും ബാധിക്കാവുന്ന മാരകമായ വൈറസുകളുടെ വാഹകരാണ് എന്ന് കണ്ടെത്തിയതോടെ വവ്വാലിന് മേലുള്ള ഗവേഷണം വിപുലീകരിക്കേണ്ടി വന്നു.
വെള്ളത്തിലൂടെ, വവ്വാലിന്റെ സമ്പർക്കത്തിലൂടെ കടന്നുപോയ പഴങ്ങളിലൂടെയൊക്കെയാണ് മനുഷ്യർക്ക് ഇത്തരം വൈറസുകൾ പിടിപെടുക. എബോള, സാർസ്, കോവിഡ് പോലുള്ള മനുഷ്യരാശിയെ പിടിച്ച് കുലുക്കിയ വൈറസുകളിൽ വവ്വാലിന്റെ പങ്ക് വിവിധ പരിശോധനകളിലൂടെ തെളിഞ്ഞിരുന്നു. വവ്വാലിന്റെ വൃക്കകൾ പോലെ വിവിധ അവയവങ്ങൾ പരിശോധിക്കുമ്പോൾ, അതിന്റെ ശരീരത്തിൽ നിന്ന് ഇനിയും എന്തെല്ലാം അസുഖങ്ങൾക്ക് സാധ്യതയുണ്ടെന്ന് കണ്ടെത്താൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മലേഷ്യ പോലെ നിപ പൊട്ടിപ്പുറപ്പെട്ട പ്രദേശത്തിന്റെ സമാനകാലാവസ്ഥയിലുള്ള യുനാനിൽ പുതിയ വൈറസുകൾ കണ്ടെത്തിയത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്.