വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുമായി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്. ഇനി മുതൽ പുതിയ മാറ്റങ്ങൾ. വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുമായി ബന്ധപ്പെട്ട് പുതിയ വ്യവസ്ഥ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. മെയ് ഒന്ന് മുതൽ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുമായി യാത്രക്കാർക്ക് ട്രെയിനിൽ സ്ലീപ്പർ അല്ലെങ്കിൽ എസി കോച്ചുകളിൽ യാത്ര ചെയ്യാൻ അനുവാദമുണ്ടായിരിക്കില്ല. അവരെ ജനറൽ ക്ലാസിൽ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ. നിലവിൽ കൗണ്ടറുകളിൽ നിന്ന് വാങ്ങുന്ന വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് ഉപയോഗിച്ച് യാത്രക്കാർക്ക് സ്ലീപ്പർ, എസി കോച്ചുകളിൽ യാത്ര ചെയ്യാമായിരുന്നു. കൺഫേം ടിക്കറ്റുകളുള്ളവരുടെ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനായാണ് മെയ് ഒന്നുമുതൽ പുതിയ വ്യവസ്ഥ റെയിൽവേ നടപ്പിലാക്കുക.മെയ് 1 മുതൽ, വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുമായി സ്ലീപ്പർ, എസി കോച്ചുകളിൽ യാത്ര ചെയ്യുന്നത് നിരോധിക്കും. വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുള്ള ഒരു യാത്രക്കാരൻ ഈ കോച്ചുകളിൽ സീറ്റിൽ ഇരിക്കുന്നതായി കണ്ടെത്തിയാൽ വ്യക്തിക്ക് പിഴ ചുമത്താനോ ജനറൽകമ്പാർട്ടുമെന്റിലേക്ക് മാറ്റാനോ ടിടിഇക്ക് അധികാരമുണ്ടായിരിക്കും.ഐ
ആർസിടിസി വഴി ഓൺലൈൻ വഴി ബുക്ക് ചെയ്ത ടിക്കറ്റ് വെയിറ്റിങ് ലിസ്റ്റിൽ ആണെങ്കിൽ യാത്രയ്ക്ക് മുൻപ് കൺഫേം ആയില്ലെങ്കിൽ ഓട്ടോമാറ്റിക്കായി അവ ക്യാൻസലാകുന്നതാണ് പതിവ്. ഇത്തരത്തിൽ ഓട്ടോമാറ്റിക്കായി റദ്ദാക്കപ്പെടുമ്പോൾ ടിക്കറ്റ് വില ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് തന്നെ തിരിച്ചുവരികയും ചെയ്യും. എന്നാൽ കൗണ്ടറുകളിൽ നിന്ന് ലഭിക്കുന്ന ഓഫ് ലൈൻ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് ഉപയോഗിച്ച് നിരവധി യാത്രക്കാർ ഇപ്പോഴും സ്ലീപ്പർ, എസി കോച്ചുകളിൽ യാത്ര ചെയ്യുന്നുണ്ട്. ഇത് കൺഫേം ടിക്കറ്റുകളുള്ളവരുടെ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ പരിഷ്കാരം.